കണ്ണൂർ: കൊവിഡ് കാലത്ത് കുട്ടികളിലെ പരീക്ഷാ പേടിയകറ്റുന്നതിന് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശങ്ക വേണ്ട അരികിലുണ്ട് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കൈപുസ്തകത്തിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു.

എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനായാണ് ജില്ലാ പഞ്ചായത്ത് കൈപുസ്തകം ഇറക്കിയിട്ടുള്ളത്.  പദ്ധതിയുടെ ഭാഗമായി ഡയറ്റിന്റെ സഹായത്തോടെയാണ് കുട്ടികള്‍ക്കായി രണ്ട് കൈപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ജില്ലയില്‍ എസ് എസ് എല്‍സി പരീക്ഷ എഴുതുന്ന മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് യോഗ്യരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌റ്റെപ്‌സ് എന്ന പേരില്‍ കൈപുസ്തകം ഇറക്കിയത്. വിവിധ വിഷയങ്ങളിലായി അമ്പതോളം വിദഗ്ദരായ അധ്യാപകര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്. കുട്ടികള്‍ക്ക് നല്ല മാര്‍ക്ക് നേടാന്‍ കഴിയുന്ന എളുപ്പ വഴികളെ പരിചയപ്പെടുത്താനും പരിശീലിപ്പിക്കാനും കഴിയുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം തയ്യാറാക്കിയത്.

എസ് സി ഇ ആര്‍ ടിയുടെ ചോദ്യ പാറ്റേണ്‍ അനുസരിച്ചുള്ള ചോദ്യപേപ്പര്‍ അടങ്ങിയ      ചോദ്യബാങ്ക് ആണ് രണ്ടാമത്തെ കൈപുസ്തകം. കുട്ടികള്‍ക്ക് എ പ്ലസ് ഉറപ്പിക്കുന്ന രീതിയിലാണിത് തയ്യാറാക്കിയത്. ഇതനുസരിച്ച് കുട്ടികള്‍ക്ക് സ്‌കൂളില്‍ പരീക്ഷ നടത്തുകയും സ്‌കൂളില്‍ ഹാജരാകാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ എസ് എസ് എല്‍ സി പരീക്ഷയുടെ മാതൃകയില്‍ തന്നെ പരീക്ഷ നടത്തുന്നുണ്ട് എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തുകയും ചെയ്യും.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി ബിജു, കോങ്കി രവീന്ദ്രന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.