ആദ്യദിനത്തിൽ ലഭിച്ചത് 153 പരാതികൾ

കോട്ടയം  : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 തീയതികളിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സാന്ത്വന സ്പർശം അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി. ഇതിനുള്ള നടപടികള്‍ ആരംഭിച്ച (ഫെബ്രുവരി 3) ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ 153 പരാതികളാണ് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും(https://cmo.kerala.gov.in) വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും പരാതികളും അപേക്ഷകളും നൽകാം. അക്ഷയ കേന്ദ്രങ്ങൾ മുഖേന സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അദാലത്തിലേക്കുള്ള അപേക്ഷകൾക്ക് അക്ഷയ കേന്ദ്രങ്ങളിൽ മുൻഗണന നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള സാഹചര്യത്തിൽ പതിവിൽ കൂടുതൽ സമയവും ഞായറാഴ്ചകളിലും അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

അപേക്ഷകൾ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ നേരിട്ടാല്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സി.ഡിറ്റിൻ്റെ സേവനമുണ്ട്. ഫെബ്രുവരി ഒന്‍പത് വൈകുന്നേരം അഞ്ച് വരെ പരാതികൾ സമർപ്പിക്കാം.