എറണാകുളം: കൊച്ചിയിൽ നടക്കുന്ന 25ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓഫീസ് ചലച്ചിത്ര സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു. മാക്ട ഓഫീസിലാണ് ചലച്ചിത്രോത്സവ ഓഫീസ് .ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചി എഡിഷൻ ചലച്ചിത്രോത്സവം. ഈ വർഷം തിരുവനന്തപുരം, എറണാകുളം, പാലക്കാട് , തലശ്ശേരി എന്നിങ്ങനെ നാല് എഡിഷനുകളായാണ് മേള നടക്കുന്നത് . 15-ാം തീയതി മുതലാകും ഡെലിഗേറ്റ് പാസുകൾ നൽകുക. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പാസ് ലഭിക്കൂ.

സൗജന്യ കോവിഡ് പരിശോധനക്കുള്ള സൗകര്യം ചലച്ചിത്ര അക്കാദമി തന്നെ ഒരുക്കുന്നുണ്ട്. രജിസ്ട്രേഷന് വേണ്ടി ഓഫീസിൽ ഹെല്പ് ഡെസ്കും പ്രവർത്തിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക .

കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ ചടങ്ങി അധ്യക്ഷത വഹിച്ചു. മാക്ട ചെയർമാൻ സംവിധായകൻ ജയരാജ് , ചലച്ചിത്ര അക്കാദമി പ്രതിനിധി സജിത മഠത്തിൽ ,’അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു , ചലച്ചിത്ര താരം ജോജു ജോർജ് , കൗൺസിലർമാരായ പി ആർ റെനീഷ് , സുനിത ഡിക്‌സൺ , ഐ എഫ് എഫ് കെ കൊച്ചി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുന്ദർദാസ് വൈസ് ചെയർമാൻ എ കെ സാജൻ കൺവീനർ ഷിബു ചക്രവർത്തി തുടങ്ങിയവർ പങ്കെടുത്തു .