തൃശ്ശൂർ: തീരദേശ മേഖലക്ക് ഊന്നൽ നൽകാൻ ചാവക്കാട് നഗരസഭ ‘മത്സ്യസഭ’ രൂപീകരിച്ചു. ചാവക്കാട് നഗരസഭ 2021-22 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി അഞ്ച് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ വിവിധ വാർഡ് സഭകൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ കൗൺസിലിന്റെ നേതൃത്വത്തിൽ മത്സ്യസഭ ചേർന്നത്.

പുത്തൻകടപ്പുറത്ത് ഹാർബർ നിർമിക്കുക, മത്സ്യത്തൊഴിലാളികൾക്ക് വലയും അനുബന്ധ ഉപകരണങ്ങളും നൽകുക, മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുക, ഫിഷർമാൻ കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കാൻ നടപടി സ്വീകരിക്കുക എന്നീ നിർദേശങ്ങളാണ് മത്സ്യസഭ മുന്നോട്ട് വെച്ചത്.

പുത്തൻ കടപ്പുറത്തുള്ള മത്സ്യ സഹകരണ സംഘം ഓഫീസ് ഹാളിൽ ചേർന്ന മത്സ്യസഭ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷാഹിദ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലീം, പ്രസന്ന രണദിവെ, കൗൺസിലർ പി കെ രാധാകൃഷ്ണൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടോണി, നഗരസഭാ പദ്ധതി വിഭാഗം ക്ലർക്ക് പി സജീവ് തുടങ്ങിയവർ പങ്കെടുത്തു.