കൊല്ലം: സാമൂഹ്യനീതി വകുപ്പ്, നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിരാമയ ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്യാമ്പ് നടത്തി. ശാസ്താംകോട്ട മനോവികാസില്‍ നടന്ന പരിപാടി ഹൃദ്രോഗ ചികിത്സാ വിദഗ്ധന്‍ ഡോ ജി സുമിത്രന്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ട്രസ്റ്റ് വഴി നേരിട്ടു നടത്തുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ നിരാമയ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും കൂടി ചേര്‍ത്ത് സാമൂഹ്യനീതി വകുപ്പ് വഴിയാണ് നടപ്പിലാക്കുന്നത്. സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണിത്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ ചികിത്സാനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അംഗീകൃത സ്വകാര്യ ആശുപത്രികളിലും പദ്ധതിയിലൂടെ ചികിത്സാനുകൂല്യം ലഭിക്കും.
നാഷണല്‍ ട്രസ്റ്റ് സംസ്ഥാന സമിതി ചെയര്‍മാന്‍ ജേക്കബ്, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
