ഇടുക്കി:  ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോരിറ്റി യോഗം ചേര്‍ന്നു. പൊതുവേ കൊവിഡ് ജാഗ്രതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന തോട്ടം തൊഴിലാളികള്‍ യാതൊരുവിധ കൊവിഡ് മാനദ്ണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആവശ്യമായ ബോധവത്കരണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗികള്‍ കൂടുതലുള്ള മേഖലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടൂതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ച് നിയന്ത്രണം കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോരിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, സ്പെഷ്യല്‍ ഓഫീസര്‍ ജി ആര്‍ ഗോകുല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, എഡിഎം അനില്‍കുമാര്‍, ഡെപ്യുട്ടി ഡിഎംഒ സുഷമ, എന്‍.എച്ച്.എം പ്രൊജക്ട് മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.