തിരുവനന്തപുരം:  വാമനപുരം സമഗ്ര ശുദ്ധജല വിതരണപദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂകളിലും കുടിവെള്ള ഗുണനിലവാര പരിശോധന ലാബ് സജ്ജീകരിച്ചു വരികയാണ്. ഇവിടെ പൊതുജനങ്ങള്‍ക്കും കുടിവെള്ളം പരിശോധിക്കാനാകും. കിണറുവെള്ളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
ആനാട്, പാലോട്, കുറുപുഴ വില്ലേജുകളിലേക്കയാണ് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി 16 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് 63 കിലോമീറ്റര്‍ ദൂരത്തില്‍ ജലവിതരണ ശൃംഖല സ്ഥാപിക്കാനാണ് രണ്ടാം ഘട്ട പദ്ധതി ലക്ഷ്യമിടുന്നത്. പമ്പ് സെറ്റുകള്‍ സ്ഥാപിക്കല്‍, ശുദ്ധീകരണ ശാലയില്‍ നിന്നും ശുദ്ധീകരിച്ച ജലം ഭൂതല സംഭരണിയിലെത്തിക്കുന്നതിനുള്ള പൈപ്പുകള്‍ സ്ഥാപിക്കല്‍, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ നിര്‍മാണം തുടങ്ങിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ജലസംഭരണികള്‍ നിര്‍മ്മിക്കാനാവശ്യമായ സ്ഥലം ഇതിനോടകം വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടുകൂടി 4,000 കണക്ഷനുകള്‍ നല്‍കാന്‍ സാധിക്കും. 15 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
നന്ദിയോട് പഞ്ചായത്ത് ഓഫീസ്  ഹാളില്‍ നടന്ന ചടങ്ങളില്‍ ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ എസ്. ബി, രാജേഷ് എസ് എന്നിവര്‍ സംബന്ധിച്ചു.