കോട്ടയം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്‍റെ തീരുമാനമനുസരിച്ച് നിയോഗിക്കപ്പെട്ട മൂന്ന് ദ്രുതകര്‍മ്മ സേനകള്‍ രോഗം സ്ഥിരീകരിച്ച സ്ഥലത്തെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെയും 6305 താറാവുകളെ കൊന്ന് മറവു ചെയ്തു. ശേഷിക്കുന്ന 2900 താറാവുകളെ ഇന്ന്(ഫെബ്രുവരി 6) കൊല്ലും.

ഇവിടുത്തെ ഫാമില്‍ താറാവുകള്‍ തുടര്‍ച്ചയായി ചാകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍നിന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് വ്യാഴാഴ്ച്ച വൈകുന്നേരമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പക്ഷികളെ കൊന്നൊടുക്കുന്നതിന് അടിയന്തര നടപടികള്‍ ആരംഭിക്കുകയായിരുന്നു.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ. സജീവ്കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. മുഹമ്മദ് ഫിറോസ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.