കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയ്ക്ക് ട്രോമാ കെയർ യൂണിറ്റ്

തൃശ്ശൂർ: കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ചത് സമാനതകളില്ലാത്ത വികസന നേട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച പ്ലാനിങ്ങും സമാഹരണവും അത്രകണ്ട് വലുതായിരുന്നു. കിഫ്ബി ധനസഹായം കൂടി ലഭ്യമായതോടെ സ്വപ്നതുല്യമായ വികസനമാണ് ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചത്. കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ അഞ്ചു നില കെട്ടിടം നാടിന് സമർപ്പിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. വേദിയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെ 4.10 കോടി രൂപ ചെലവഴിച്ച് നബാർഡിന്റെ ട്രോമാ കെയർ യൂണിറ്റ് പദ്ധതിയിലുൾപ്പെടുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

പണം കിട്ടുന്നതും ഉപയോഗപ്പെടുത്തുന്നതും മാത്രമല്ല ഏതാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതിലാണ് ആരോഗ്യരംഗം ഊന്നൽ കൊടുക്കേണ്ടത്. കേരളത്തിൽ 2020നെ അപേക്ഷിച്ച് 2021ൽ കോവിഡ് മരണനിരക്ക് 0. 4 ശതമാനം ആക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇത് ഒരു ശതമാനത്തിനു മുകളിലാണ്. ഈ തോത് തുടരണമെങ്കിൽ ജനങ്ങളുടെ സഹകരണം കൂടി വേണം. മാസ്ക്ക് ധരിച്ച് ചെവിയിൽ സംസാരിക്കുന്ന രീതി ഒഴിവാക്കണം. കൂട്ടം കൂടി നിന്ന് സംസാരിക്കുന്നതും ഒഴിവാക്കണം. രോഗം നമുക്കിടയിൽ തന്നെ ഉള്ളതിനാൽ കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നത് ഒഴിവാക്കരുത്. ജീവിതശൈലി രോഗങ്ങൾക്ക് വീട്ടുപടിക്കൽ തന്നെ മരുന്നുകൾ എത്തിച്ചു നൽകിയതിനാലാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കാൻ ആയതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ നാല് വർഷക്കാലം കേരള സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഒരു ദിവസം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അത്ര വലുതാണ്. പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട കെട്ടിട സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുന്നത് വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്ന കാര്യമാണ്. പ്രധാനമായും നാല് മിഷനുകളിലൂടെ ജനങ്ങളുടെ ജീവിതോന്നമനത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയായിരുന്നു സർക്കാർ. ഡിപ്പാർട്ട്‌മെന്റുകൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. അവരവരുടെ ജില്ലകളിലും പഞ്ചായത്തുകളിലും നഗരസഭകളിലും എല്ലാം നാല് മിഷനുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടപ്പാക്കി ജനങ്ങളിലേക്കെത്തിക്കാൻ ഓരോ ജനപ്രതിനിധികളും നന്നായി പരിശ്രമിച്ചതിന്റെ ഫലമാണ് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം ഇന്ന് കൈവരിച്ച നേട്ടം.

ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഫാമിലി ഹെൽത്ത് സെന്ററുകളുടെ വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകിയത്. നിലവിലുള്ള 5000 തസ്തികകളിൽ 1444 എണ്ണവും ഫാമിലി ഹെൽത്ത് സെൻററുകൾ ആക്കി മറ്റുവാനുള്ള തസ്തികകളാണ്. പഞ്ചായത്തുകൾ വലിയ തോതിലാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. കേരളത്തിൽ കൊടുംപട്ടിണി കിടന്ന് ആരും മരിക്കുന്ന അവസ്ഥ ഇല്ലാതാക്കി തീർക്കാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും വലിയ വെല്ലുവിളി കേരളത്തിന്റെ ആരോഗ്യമേഖലയിൽ നേരിടേണ്ടിവന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യ മേഖലയിൽ പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്താണെങ്കിലും കേരളത്തിന്റെ ആരോഗ്യമേഖലയിൽ അടിയന്തരമായി പരിഹരിക്കേണ്ട ചില വസ്തുതകൾ നിലനിൽക്കുന്നുണ്ട്. ഇത് എന്താണെന്ന് തിരിച്ചറിഞ്ഞ് പഠിച്ച് പരിഹരിക്കുക എന്നതാണ് നമ്മളിലോരോരുത്തരും നിക്ഷിപ്തമായ ഉത്തരവാദിത്വം.

ജീവിതശൈലി രോഗങ്ങൾ ഏറ്റവുമധികം പെരുകിയ ഇടമാണ് കേരളം. ജനസാന്ദ്രതയേറിയ സംസ്ഥാനമായതിനാൽ പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ പകരാൻ സാധ്യതയുള്ളതും കേരളത്തിലാണ്. വ്യായാമക്കുറവും ഭക്ഷണശീലവും മലയാളിയെ രോഗാതുരരായി മാറ്റി. ഗ്രാമം, നഗരം എന്നീ വേർതിരിവ് അലിഞ്ഞുപോയി ‘റർബൻ’ ആയി മാറിയിട്ടുണ്ട്. പകർച്ചവ്യാധികളുടെ കാര്യത്തിൽ ജീവിതശൈലീരോഗങ്ങളുടെ വർധനവും ഓൾഡേജ് പോപ്പുലേഷന്റെ വർധനവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പകർച്ചവ്യാധികളെ തടയാൻ തിളപ്പിച്ചാറിയ വെള്ളം തന്നെ ജനങ്ങൾ ഉപയോഗിക്കണമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി ഡബ്ല്യു ഡി സൂപ്രണ്ടിങ് എൻജിനീയർ വി കെ ശ്രീമാല പദ്ധതി വിശദീകരിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ഡി പി എം ഡോ. സതീഷ്, ഐ എം എ പ്രസിഡന്റ് ഡോ. നാസർ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി വി റോഷ്‌, ഡോ. ബെനീഷ് ബാബു, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.