തിരുവനന്തപുരം: സാന്ത്വനസ്പര്‍ശം ജനകീയ അദാലത്തിന്റെ മുന്നൊരുക്കങ്ങള്‍ ആറ്റിങ്ങലില്‍ അവസാനഘട്ടത്തില്‍. ഇതുമായി ബന്ധപ്പെട്ട മുന്നോരുക്കങ്ങള്‍ വിലയിരുത്താനുള്ള ഉന്നതതല യോഗം ബി.സത്യന്‍ എം. എല്‍. എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു.
ഫെബ്രുവരി 9ന് ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അദാലത്ത് നടക്കുന്നത്. വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ നിന്നുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. 9 മണി മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കില്‍ നിന്നുള്ള അപേക്ഷകളും, 2 മുതല്‍ 5. 30 വരെ ചിറയിന്‍കീഴ് താലൂക്കില്‍ നിന്നുമുള്ള അപേക്ഷകളുമാണ് പരിഗണിക്കുക. ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക്, നേരിട്ട് അപേക്ഷ നല്‍കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
കിടപ്പുരോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന വേദികളിലേക്കു നേരിട്ട് എത്തരുത്. പകരം പ്രതിനിധികളെ മതിയായ രേഖകള്‍ സഹിതം അയച്ചാല്‍ മതി. 10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ അദാലത്ത് കേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നതിനും കര്‍ശന വിലക്കുണ്ട്.
വാഹന പാര്‍ക്കിംഗിനായി ആറ്റിങ്ങല്‍ കോളേജ് ഗ്രൗണ്ടില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് . പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടത്തുക. മുന്‍കരുതല്‍ എന്ന നിലയില്‍ ആരോഗ്യ വിഭാഗം സ്‌കൂള്‍ പൂര്‍ണമായും അണുവിമുക്തമാക്കുകയും ചെയുന്നുണ്ട് . അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വരെ പ്രധാന കവാടത്തില്‍ ശരീര ഊഷ്മാവു പരിശോധിച്ചശേഷം സാനിറ്റൈസര്‍ നല്‍കിയാകും പ്രവേശിപ്പിക്കുക. നിശ്ചിത എണ്ണം ആളുകളെ വീതം ടോക്കണ്‍ നല്‍കി അദാലത്ത് ഹാളിലേക്കു പ്രവേശിപ്പിക്കും. ബാക്കിയുള്ളവര്‍ക്കു വിശ്രമിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് ആറ്റിങ്ങലില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ വകുപ്പുകളുടേയും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ സംബന്ധിച്ച മറുപടി പൊതുജനങ്ങള്‍ക്ക് ഈ കൗണ്ടറുകളില്‍നിന്നു നേരിട്ടു ലഭിക്കും.സര്‍ക്കാര്‍തലത്തില്‍ തീര്‍പ്പാക്കേണ്ട കേസുകള്‍ മന്ത്രിമാര്‍, ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവര്‍ പരിശോധിക്കും
പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ഹരിതചട്ടം പാലിച്ചാണ് അദാലത്ത് സംഘടിപ്പിക്കുക. ഇതിനായി ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം, ശുചീകരണ വിഭാഗം, ഹരിത കര്‍മ സേന എന്നിവര്‍ വേദിയിലുണ്ടാകും. കൂടാതെ മെഡിക്കല്‍ സംഘം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം തുടങ്ങിയ സേവനങ്ങളും ഏര്‍പ്പെടുത്തും.
അദാലത്ത് വേദിയായ ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേര്‍സണ്‍ അഡ്വ. എസ്. കുമാരി, വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, ചിറയിന്‍കീഴ് തഹസില്‍ദാര്‍ മനോജ്. ആര്‍, ആറ്റിങ്ങല്‍ നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥന്‍, ആറ്റിങ്ങല്‍ സി.ഐ ഷാജി, ഫയര്‍ ആന്‍ഡ് റസ്‌ക്യു, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.