തിരുവനന്തപുരം: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ (08 ഫെബ്രുവരി) ജില്ലയില്‍ അദാലത്ത് ആരംഭിക്കുന്നത്. നാളെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഫെബ്രുവരി ഒമ്പതിന് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും 11ന് എസ്.എം.വി. സ്‌കൂളിലും അദാലത്ത് നടക്കും.
എല്ലാ അദാലത്ത് കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും എല്ലാ നിയന്ത്രണങ്ങളോടും നിര്‍ദേശങ്ങളോടും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അദാലത്തിന്റെ ചുമതലയുള്ള സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്സുക്കുട്ടി അമ്മ, ഡോ. ടി.എം. തോമസ് ഐസക് എന്നവരുടെ നേതൃത്വത്തിലാണു ജില്ലയില്‍ അദാലത്ത് നടക്കുന്നത്.
എല്ലാ അദാലത്ത് കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിടപ്പു രോഗികള്‍, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികളെ അയച്ചാല്‍ മതിയാകും. അദാലത്തിലേക്കെത്തുന്നവര്‍ തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലെത്തി സമര്‍പ്പിച്ച അപേക്ഷ സംബന്ധിച്ച മറുപടിയും തീര്‍പ്പും കൈപ്പറ്റണം. മന്ത്രിമാരുടെ തലത്തില്‍ തീര്‍പ്പാക്കേണ്ട പരാതികളുള്ളവരെ പ്രത്യേക ടോക്കണ്‍ നല്‍കി ഹാളിലേക്കു പ്രവേശിപ്പിക്കും.
അദാലത്ത് വേദിയുടെ പ്രധാന ഗേറ്റില്‍ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസര്‍ നല്‍കി മാത്രമേ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കൂ. ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കായി മെഡിക്കല്‍ സംഘവും സ്ഥലത്തു ക്യാംപ് ചെയ്യും.
രണ്ടു താലൂക്കുകള്‍ക്ക് ഒരു ദിവസം എന്ന നിലയ്ക്കാണ് അദാലത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. നാളെ (ഫെബ്രുവരി 08) നെയ്യാറ്റിന്‍കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലേയും പരാതികള്‍ പരിശോധിക്കും. ഒമ്പതിന് ആറ്റിങ്ങല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദാലത്ത് വേദിയില്‍ രാവിലെ ഒമ്പതു മുതല്‍ 12.30 വരെ വര്‍ക്കല താലൂക്കിലേയും രണ്ടു മുതല്‍ 5.30 വരെ ചിറയിന്‍കീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക.
ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികള്‍ പരിശോധിക്കുന്നതിനായാണ് എസ്.എം.വി. സ്‌കൂളില്‍ അദാലത്ത് നടക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതല്‍ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികള്‍ കേള്‍ക്കും. തിരക്ക് ഒഴിവാക്കാന്‍ അതാത് താലൂക്കിലുള്ളവര്‍ തങ്ങളുടെ താലൂക്കിന്റെ പരാതികള്‍ പരിഗണിക്കുന്ന സമയത്തു മാത്രം അദാലത്തിലേക്ക് എത്തിയാല്‍ മതിയെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
അദാലത്തില്‍ ഇതുവരെ ലഭിച്ച പരാതികള്‍ ഇന്നു ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. അദാലത്ത് ആരംഭിക്കുന്നതിനു മുന്‍പ് മുഴുവന്‍ പരാതികളും തീര്‍പ്പാക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനായി ആവശ്യമെങ്കില്‍ അവധി ദിനമായ ഞായറാഴ്ചയും ഓഫിസുകള്‍ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.