** അക്ഷയ സെന്ററിൽനിന്നു ലഭിച്ച ഡോക്കറ്റ് നമ്പർ കൈയിൽ കരുതണം
** കർശന കോവിഡ് ജാഗ്രത
** തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം
തിരുവനന്തപുരം:  പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. തിരുവനന്തപുരം ജില്ലയിലെ ആദ്യ അദാലത്താണ് നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത്.രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ ചേര്‍ന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ നല്‍കുന്ന പട്ടയങ്ങള്‍, കൈവശാവകാശ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവയുടെ വിതരണോദ്ഘാടനം ചടങ്ങില്‍ മന്ത്രിമാര്‍ നിര്‍വഹിച്ചു.കാവിഡ് മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായി പാലിച്ചാണ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
രാവിലെ ഒമ്പതു മുതല്‍ 12.30 വരെ കാട്ടാക്കട താലൂക്കിന്റെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ 5.30 വരെ നെയ്യാറ്റിന്‍കര താലൂക്കിലെ പരാതികളും പരിശോധിച്ചു തീര്‍പ്പാക്കും. കാട്ടാക്കട താലൂക്കില്‍ 966 പരാതികളും നെയ്യാറ്റിന്‍കരയില്‍ 1,455 പരാതികളുമാണ് അക്ഷയ സെന്റര്‍ മുഖേനയും സിഎംഒ പോര്‍ട്ടല്‍ മുഖേനയും ലഭിച്ചിട്ടുള്ളത്. ഓരോ വകുപ്പുമായും ബന്ധപ്പെട്ട പരാതികളിന്മേലെടുത്ത തീരുമാനം അതിവേഗത്തില്‍ കൈമാറാന്‍ കൃത്യമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി അദാലത്തിലേക്കെത്തുന്ന മുഴുവന്‍ ആളുകളെയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമാണ് സ്‌കൂളിന്റെ മുഖ്യ കവാടത്തിലൂടെ കടത്തിവിടുന്നത്. എല്ലാവരുടേയും കൈകള്‍ സാനിറ്റൈസ് ചെയ്യുന്നു. മുഖ്യ കവാടത്തോടു ചേര്‍ന്നുള്ള ഹെല്‍പ്പ് ഡെസ്‌കില്‍നിന്ന് പരാതിക്കാരെ അതതു വകുപ്പുകളുടെ സ്റ്റാളുകളിലേക്ക് അയക്കും. അവിടെനിന്നു പരാതികളിന്മേലെടുത്ത തീരുമാനം കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. മന്ത്രിതലത്തില്‍ തീര്‍പ്പാക്കേണ്ടവയില്‍ പ്രത്യേക ടോക്കണ്‍ നല്‍കി മന്ത്രിമാര്‍ പരാതി കേള്‍ക്കുന്ന ഹാളിലേക്ക് അയക്കുന്നു. അവിടെയും അതിവേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കത്തക്ക വിധമാണു ക്രമീകരണങ്ങളാണുള്ളത്.
നാളെ (ഫെബ്രുവരി 09) ആറ്റിങ്ങൽ ബോയ്‌സ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് അദാലത്ത് നടക്കുക.
രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും അവിടെ പരിഗണിക്കുക. ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികൾ പരിശോധിക്കുന്നതിനായാണ് എസ്.എം.വി. സ്‌കൂളിൽ അദാലത്ത് നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും.
കിടപ്പുരോഗികൾ നേരിട്ടെത്തേണ്ട
കിടപ്പു രോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികളെ അയച്ചാൽ മതിയാകും. അദാലത്തിലെത്തുന്നവർക്ക് വൈദ്യസഹായം ആവശ്യമായി വന്നാൽ നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘവും ആംബുലൻസ് അടക്കമുള്ള സജ്ജീകരണങ്ങളുമുണ്ടാകും.
ഡോക്കറ്റ് നമ്പർ നിർബന്ധം
അദാലത്തിൽ പങ്കെടുക്കാനായി എത്തുന്ന മുഴുവൻ ആളുകളും അക്ഷയ സെന്ററുകളിലൂടെ പരാതി നൽകിയപ്പോൾ കിട്ടിയ ഡോക്കറ്റ് നമ്പർ നിർബന്ധമായും കൊണ്ടുവരണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അദാലത്ത് വേദിയിൽ ഒരുക്കിയിരിക്കുന്ന വകുപ്പുകളുടെ സ്റ്റാളിൽ ഈ ഡോക്കറ്റ് ഐഡി നൽകിയാൽ പരാതിയിലെ നടപടി സംബന്ധിച്ച രേഖ ലഭിക്കുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും എത്തണം
അദാലത്ത് നടക്കുന്ന വേദിയിൽ ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളുടേയും ജില്ലാതല ഉദ്യോഗസ്ഥർ നിർബന്ധമായും എത്തണമെന്നു കളക്ടർ നിർദേശം നൽകി. എല്ലാ സ്റ്റാളുകളുകളിലും ആവശ്യത്തിനു മറ്റു ജീവനക്കാരും ഉണ്ടാകണം. മുൻകൂട്ടി നൽകിയ അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി എല്ലാ വകുപ്പുകളും കൈവശം കരുതിയിരിക്കണമെന്നും അപേക്ഷകൻ എത്തുമ്പോൾ അതിവേഗത്തിൽ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. തഹസിൽദാർമാർക്കൊപ്പം അതത് ഭൂരേഖാ തഹസിൽദാർമാരും ആർ.ആർ. തഹസിൽദാർമാരും മുഴുവൻ സമയവും ഉണ്ടാകണെന്നും കളക്ടർ നിർദേശം നൽകി.
പി.ആർ.ഡിയുടെ വികസന ഫോട്ടോ എക്‌സിബിഷൻ
അദാലത്ത് വേദികളിൽ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷൻ കാണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സർക്കാർ നടത്തിയ വികസന പദ്ധതികളുടെ നേർച്ചിത്രമാണ് ഈ എക്‌സിബിഷൻ.
കൃഷി, വ്യവസായം, വാണിജ്യം, ഐടി, സാമൂഹിക മേഖലകളിൽ സർക്കാർ നടത്തിയ വികസനവുമായി ബന്ധപ്പെട്ട അറുപതളോം ചിത്രങ്ങളാണ് എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വികസന പദ്ധതികൾ അനാവരണംചെയ്ത് പി.ആർ.ഡി. തയാറാക്കിയ വിഡിയോ ചിത്രങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.