ഇടുക്കി:  വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട് യാതാര്‍ത്ഥ്യമാക്കിയ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിര്‍വഹിച്ചു. ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അധ്യക്ഷനായി.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിൽകുമാർ സ്വാഗതം പറഞ്ഞു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദു ബിജു, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലാലി ജോസി വേളാച്ചേരിൽ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ പികെ ഷീല കൃതജ്ഞത പറഞ്ഞു.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉള്‍പ്പെടുന്ന വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ രൂക്ഷമായ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളാണ്. ഈ പഞ്ചായത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിയ്ക്കുന്നതിനു വേണ്ടിയാണ് സമഗ്ര ജലവിതരണ പദ്ധതി രൂപകല്‍പന ചെയ്തത്. ഇതിന് 2013 നവംബറില്‍ 20 കോടി രൂപയുടെ ഭരണാനുമതിയും 2014ല്‍ സാങ്കേതികാനുമതിയും ലഭിച്ചു. അഞ്ച് പാക്കേജുകളായി ടെണ്ടര്‍ ചെയ്ത് പൂര്‍ത്തീകരിച്ച ഈ പദ്ധതിയില്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ജല സ്രോതസ്സ് മലങ്കര ഡാമിൻ്റെ കാഞ്ഞാര്‍ ഭാഗമാണ്.

കാഞ്ഞാറിൽ നിലവിലുള്ള 9 മീറ്റര്‍ വ്യാസമുള്ള കിണറ്റില്‍ ശേഖരിക്കുന്ന ജലം നെല്ലിയാമലയില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയിലേയ്ക്ക് പമ്പ് ചെയ്യും. ഇതിനായി 150 എച്ച് പി. പമ്പ് സെറ്റും 1800 മീറ്റര്‍ നീളത്തില്‍ 250 മി.മീ. പമ്പിംഗ് ലൈനും പൂര്‍ത്തീകരിച്ചു. നെല്ലിയാമലയില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയുടെ ശേഷി പ്രതിദിനം 40 ലക്ഷം ലിറ്ററാണ്.ശുദ്ധീകരിച്ച ജലം 3.50 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിൽ ശേഖരിച്ച് മന്തിരംപാറ, കുഴിഞ്ഞാലിക്കവല എന്നീ പ്രദേശങ്ങളില്‍ പണി പൂര്‍ത്തീകരിച്ച സംഭരണികളിലേയ്ക്ക് 9600 മീറ്റര്‍ നീളത്തില്‍ 150 മി.മീ ഉം 80 മി.മീറ്ററുമുള്ള ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്തെത്തിക്കും. കൂടാതെ പഞ്ചായത്തിലെ മറ്റ് 5 ജല സംഭരണികളില്‍ നിന്ന് ജല വിതരണം നടത്തുന്നതിനാവശ്യമുള്ള ജലം ശുദ്ധീകരണ ശാലയില്‍ നിന്ന് 3050 മീറ്റര്‍ 250 മി.മീറ്റർ ജി.ഐ. പൈപ്പ് ഉപയോഗിച്ച് വെള്ളിയാമറ്റം ലത്തീന്‍ പള്ളിയുടെ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന സംഭരണിയില്‍ ശേഖരിക്കും.

ഇവിടെ നിന്നും ഇളംദേശം, പുളിയാനിത്തണ്ട്, കുരുതിക്കളം, ചെമ്പകത്തിനാല്‍മല, മേത്തൊട്ടി എന്നീ പ്രദേശങ്ങളില്‍ പണിപൂര്‍ത്തീകരിച്ച സംഭരണികളിലേയ്ക്ക് 12690 മീറ്റര്‍ നീളത്തില്‍ ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്യും. മന്തിരംപാറ, കുഴിഞ്ഞാലിക്കവല, ഇളംദേശം, പുളിയാനിത്തണ്ട്, കുരുതിക്കളം, ചെമ്പകത്തിനാല്‍മല, മേത്തൊട്ടി എന്നീ പ്രദേശങ്ങളിലെ ജലസംഭരണികളുടെ ശേഷി യഥാക്രം 0.30, 1.70, 1.90, 1.60, 0.50, 1.60, 0.40 ലക്ഷം ലിറ്ററാണ്. ഈ ഏഴു സംഭരണികളില്‍ നിന്നുമായി വെള്ളിയാമറ്റം പഞ്ചായത്തില്‍132 കി.മീ. നീളത്തില്‍ സ്ഥാപിച്ച വിതരണ ശൃംഖല വഴി ജലവിതരണം നടത്തും.

വെള്ളിയാമറ്റം ശുദ്ധജലവിതരണ പദ്ധതി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ധനസഹായത്തോടെയാണ് നടപ്പിലാക്കിയിരിക്കുന്നത്. വെള്ളിയാമറ്റം പഞ്ചായത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതിയ്ക്ക് 20 കോടി രൂപ ചെലവുണ്ട്.ജലജീവന്‍ പദ്ധതി വഴി പഞ്ചായത്തിലെ 2200 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തിയും അവസാന ഘട്ടത്തിലാണ്.അടുത്ത 30 വര്‍ഷത്തെ ജനസംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്ത് ‌വെള്ളിയാമറ്റം പഞ്ചായത്തിലെ 20,700 ആളുകള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.