ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപരിപാടിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 17620 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ ജില്ലയില്‍ 10 പഞ്ചായത്തുകള്‍ മൂന്നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കി. ആലപ്പുഴ മുനിസിപ്പാലിറ്റിയില്‍ 2000ലധികം വീടുകളും കായംകുളം, ചേര്‍ത്തല മുനിസിപ്പാലിറ്റികളില്‍ 500ലധികം വീടുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മണ്ണഞ്ചേരി, പട്ടണക്കാട്, ചേന്നംപള്ളിപ്പുറം, മാരാരിക്കുളം തെക്ക്, ചേര്‍ത്തലതെക്ക്, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട്, തൃക്കുന്നപ്പുഴ, പാണാവള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 300ലധികം വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. കുമാരപുരം, മാരാരിക്കുളം വടക്ക്, വയലാര്‍, മുഹമ്മ, പുറക്കാട്, അരൂര്‍, തുറവൂര്‍, പാലമേല്‍, മുതുകുളം, തൈക്കാട്ടുശ്ശേരി, കോടംതുരുത്ത്, കടക്കരപ്പള്ളി എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ 200ലധികം വീടുകളും നിര്‍മിച്ചിട്ടുണ്ട്. 100ലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 30 തദ്ദേശ സ്ഥാപനങ്ങളും, 50ലധികം വീടുകള്‍ പൂര്‍ത്തീകരിച്ച 19 തദ്ദേശസ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. 50ല്‍ താഴെ വീടുകള്‍ പൂര്‍ത്തീകരിച്ച നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.

മിഷന്റെ മൂന്ന് ഘട്ടങ്ങളിലായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടാണ് ജില്ലയില്‍ ഇത്രയും വീടുകള്‍ നിര്‍മിച്ചത്. കൂടാതെ 2497 വീടുകള്‍ കൂടി കരാര്‍വെച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ഒന്നാം ഘട്ടത്തില്‍ 2728 വീടുകള്‍, രണ്ടാം ഘട്ടത്തില്‍ 8922 വീടുകള്‍, രണ്ടാം ഘട്ട ലൈഫ് ഫേസ് (പി.എം.എ.വൈ-ഗ്രാമം) 730 വീടുകള്‍, രണ്ടാം ലൈഫ് ഫേസ് (പി.എം.എ.വൈ-നഗരം) 3813 വീടുകള്‍, ലൈഫ് ഫേസ് രണ്ടില്‍ (പട്ടികജാതി വകുപ്പ്) 793 വീടുകളില്‍, ലൈഫ് ഫേസ് രണ്ടില്‍ (പട്ടികവര്‍ഗ്ഗ വകുപ്പ്) 10 വീടുകള്‍, ലൈഫ് ഫേസ് രണ്ടില്‍ (ഫിഷറീസ് വകുപ്പ്) 548, മൂന്നാം ഘട്ടത്തില്‍ 76 വീടുകള്‍ എന്നിങ്ങനെയാണ് നിലവില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലയില്‍ പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നീ സ്ഥലങ്ങളില്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്.

ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമായി കഴിഞ്ഞു. രേഖകളുടെ അഭാവത്താല്‍ ഈ ഘട്ടങ്ങളില്‍ കരാര്‍ വെയ്ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ ഇപ്പോള്‍ തന്നെ കരാര്‍വെച്ച് ധനസഹായം ലഭ്യമാക്കും. മൂന്നാംഘട്ട ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ നിന്നും ഭൂമി കണ്ടെത്തിയ എല്ലാവര്‍ക്കും ഈ വര്‍ഷം ഭൂമിയും വീടും ലഭ്യമാക്കാന്‍ കഴിയും. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ ഫിഷറീസ് അഡീഷണല്‍ ലിസ്റ്റില്‍ അര്‍ഹരായ 3000 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ രേഖകളുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെത്തിയാല്‍ കരാര്‍വെയ്ക്കാം.

ഇതുവരെ ലിസ്റ്റുകളിലൊന്നും ഉള്‍പ്പെടാതിരുന്നവരുടെ അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇവരുടെ അര്‍ഹതാ പരിശോധന നടത്തി ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തി പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കും വീടുകള്‍ ഉറപ്പാക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സമാനതകളില്ലാത്ത ഈ പ്രവര്‍ത്തനം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലൈഫ് മിഷനാണ് ജില്ലയിലെ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.