എറണാകുളം : കൊച്ചി നഗരത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേർന്നു. കൊച്ചി നഗരത്തിലെ നടപ്പാതകൾ വഴിവാണിഭക്കാരും , കടക്കാരും കയ്യേറിയിക്കുന്നത് മൂലവും അനിയന്ത്രിത പാർക്കിംഗ് മൂലവും കാൽനടയാത്രക്കാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത് . എബ്രഹാം മടമാക്കൽ – ഷൺമുഖം – ഡി എച് റോഡുകൾ സ്മാർട്ട് ആയി നിലനിൽക്കണമെങ്കിൽ നടപ്പാതകളിലെ കയ്യേറ്റം ഒഴിവാക്കണം . നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപെട്ടു സ്ട്രീറ്റ് ഹാക്കേഴ്‌സ് പോളിസി രൂപീകരിക്കുമെന്നും കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുമെന്നും ഇതിനായി പ്രത്യേക കൗൺസിൽ യോഗം ചേരുമെന്നും കൊച്ചി മേയർ അഡ്വ എം അനിൽകുമാർ പറഞ്ഞു . ഇതുമായി ബന്ധപെട്ടു റോഡുകളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് കമ്മീഷണർക്കു നിർദ്ദേശം നൽകി .

മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തുടർച്ചയായി പരിശോധന നടത്താനും കളക്ടർ നിർദ്ദേശം നൽകി . നടപ്പാതകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം അപകടകരമായ രീതിയിൽ കേബിളുകൾ കുരുങ്ങി കിടക്കുന്നതു അപകടം ക്ഷണിച്ചു വരുത്തും . അതിനാൽ കൊച്ചിൻ കോർപ്പറേഷൻ , കെ എം ആർ എൽ, സ്മാർട്ട് സിറ്റി , പി ഡബ്ല്യൂ ഡി , പോലീസ് എന്നിവരുടെ സഹകരണത്തോടെ കേബിളുകൾ നീക്കം ചെയ്യാൻ ശക്തമായ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു .

നഗരത്തിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കാത്തത് മൂലം രാത്രികാല പെട്രോളിങ്ങിനും തടസ്സം നേരിടുന്നുണ്ടെന്നു കൊച്ചി പോലീസ് കമ്മീഷണർ സി നാഗരാജു പറഞ്ഞു . ഏതൊക്കെ പ്രദേശങ്ങളിലെ തെരുവ് വിളക്കുകളാണ് പ്രവർത്തിക്കാത്തത് എന്നത് സംബന്ധിച്ച റിപ്പോർട്ട് ട്രാഫീസ് പോലീസിനോട് നൽകാനും യോഗത്തിൽ നിർദ്ദേശം നൽകി .

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കുറവ് വരുത്താൻ സാധിച്ചു എന്ന് യോഗം വിലയിരുത്തി.സ്മാർട്ട് സിറ്റി പദ്ധതിയിൽ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട് . ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടാത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ പ്രപ്പോസൽ നൽകുമെന്ന് മേയർ പറഞ്ഞു . കൊച്ചി നഗരത്തിന്റെ വികസനവുമായി ബന്ധപെട്ടു സ്മാർട്ട് സിറ്റി പദ്ധതികളുടെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി . കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗത്തിൽ കെ എം ആർ എൽ, സ്മാർട്ട് സിറ്റി , പി ഡബ്ല്യൂ ഡി , പോലീസ്, കെ എസ് ഇ ബി വകുപ്പ് പ്രതിനിധികൾ , കൊച്ചിൻ കോർപ്പറേഷൻ സെക്രട്ടറി , ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു തുടങ്ങിയവർ പങ്കെടുത്തു .