കാസർഗോഡ്: സ്പാസ്ടിക് ക്വാഡ്രിപ്ലിജിയ (കഴുത്തിന് താഴെ ശരീരം തളര്‍ന്ന് പോകുന്ന അവസ്ഥ) എന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന പള്ളിക്കരയിലെ ഒമ്പത് വയസ്സുകാരനായ മുഹമ്മദ് ഫവാസ് മൊയ്തീന് പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന വീല്‍ചെയര്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കാഞ്ഞങ്ങാട്ടെ സാന്ത്വന സ്പര്‍ശം അദാലത്ത് വേദിയില്‍ കൈമാറി. രണ്ട് ദിവസം മുന്‍പാണ് മൊയ്്തീന്‍ പരാതി അദാലത്തിലേക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടം അംഗപരിമിതര്‍ക്കാര്‍ക്കായി നടത്തുന്ന വി ഡിസര്‍വ് മെഡിക്കല്‍ ക്യാമ്പിലെത്തിയ മുഹമ്മദ് ഫവാസിന് വീല്‍ ചെയര്‍ അനുവദിക്കാന്‍ ഉത്തരവാവുകയായിരുന്നു.

കുഞ്ഞിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കണം, പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ കസേര, കുളിക്കാന്‍ സാധിക്കുന്ന കസേര എന്നിവയായിരുന്നു പിതാവ് മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നത്. വി ഡിസര്‍വ് ക്യാമ്പില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിച്ച ഫവാസിന് തൊട്ടടുത്ത മണിക്കൂറില്‍ തന്നെ പ്രാഥമിക സൗകര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന കസേരയും സ്വന്തമായി. വിഡിസര്‍വ്വ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഉപകരണം നല്‍കിയത്. കുട്ടിയെ കിടത്തി കുളിപ്പിക്കാന്‍ സാധിക്കുന്ന ബാത്ത് ചെയര്‍ വേണമെന്ന ആവശ്യവും പിതാവ് മന്ത്രിയോട് ഉന്നയിച്ചു. എത്രയും വേഗം കുട്ടിക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബുവിന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കണം, ജില്ലയില്‍ ന്യൂറോളജിസ്റ്റിന്റെ സേവനം അനുവദിക്കണം എന്നിവയാണ് മൊയ്തീന്‍ ഇതോടൊപ്പം ഉന്നയിച്ചത്. ഉടന്‍ ആവശ്യങ്ങളെല്ലാം നിറവേറുമെന്നും അതാത് വകുപ്പുകളെ വിഷയങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.