കാസർഗോഡ്:  ചെമ്മനാട് ബണ്ടിച്ചാലില്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിക്ക് പട്ടയവും ചികിത്സാ സഹായവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയ സരോജിനിക്ക് ആശ്വാസം.

10 വര്‍ഷമായി അര്‍ബുദം ബാധിച്ച സരോജിനിയുടെ ഇരുകണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. ഭര്‍ത്താവ് മനോഹരന്‍ എട്ടു വര്‍ഷം മുന്‍പ് കിണറ്റില്‍ വീണ് മരിച്ചു. അര്‍ബുദ ചികിത്സയ്ക്കായി കുടുംബ സ്വത്തായി ലഭിച്ച അഞ്ച് സെന്റ് ഭൂമി വിറ്റു. മകന്‍ സനോജ് കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏകാശ്രയം. ഭൂരഹിതരായ ഇവര്‍ക്ക് ബെണ്ടിച്ചാലില്‍ അഞ്ച് സെന്റ് ഭൂമി കിട്ടിയെങ്കിലും ഇതുവരെ പട്ടയം ലഭിച്ചില്ല. അതിനാല്‍ ഇന്നും മൊട്ടമ്മലില്‍ വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.

മകളുടെ കൈ പിടിച്ച് അദാലത്തില്‍ എത്തിയ സരോജിനിയുടെ അവസ്ഥ നേരിട്ടറിഞ്ഞ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഒരാഴ്ചയ്ക്കകം ഇവരുടെ ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ചികിത്സയ്ക്കായി ദുരിതാശ്വാസ നിധിയില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.