കാസർഗോഡ്: കാറഡുക്ക പഞ്ചായത്തിലെ അടുക്കം സ്വദേശി ഭാരതിയുടെയും കുടുംബത്തിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യം. തങ്ങളുടെ 12 സെന്റ് സ്ഥലത്തോട് ചേര്‍ന്ന് കൈവശം വെച്ചനുഭവിച്ച് വരുന്ന 18 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അവസാന ശ്രമമായാണ് ഇവര്‍ എത്തിയത്. പ്രശ്നം വിശദമായി അറിഞ്ഞ മന്ത്രി പട്ടയം അനുവദിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

സ്ഥലത്തിന്റെ പട്ടയം ലഭിക്കുന്നതിനായി 1996 മുതല്‍ ഭാരതിയുടെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ ഓഫീസുകള്‍ കയറിയിറങ്ങി, 1998ല്‍ എല്‍ എ നമ്പര്‍ നല്‍കുകയും പട്ടയം അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. പിന്നീട്, ഇത് സംബന്ധിച്ച് പിന്നീട് വിവരം ഇല്ലാതായതോടെ ബാലകൃഷ്ണന്‍ വീണ്ടും ഓഫീസുകളില്‍ എത്തി. നിരവധി അപേക്ഷകള്‍ അയച്ചു. എന്നാല്‍ ഈ ഭൂമി പഞ്ചായത്ത് ഭൂമിയാണെന്നും ഇതിന് പട്ടയം നല്‍കാനാവില്ലെന്നുമായിരുന്നു മറുപടി. ഇവരുടെ കിണറും കൃഷിയുമെല്ലാം ഈ ഭൂമിയിലാണ്. ഭൂമിയുടെ അവകാശത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ ബാലകൃഷ്ണന്‍ 2008ല്‍ മരിച്ചു. ബാലകൃഷ്ണന്റെ മൃതദേഹം അടക്കം ചെയ്തതും ഈ ഭൂമിയിലാണ്.

അച്ഛന് ലഭിക്കാതിരുന്ന പട്ടയത്തിനായുള്ള പോരാട്ടം മകള്‍ സുകന്യ അമ്മ ഭാരതിക്കൊപ്പം പുനരാരംഭിച്ചു. അദാലത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 1998 ല്‍ ഇവര്‍ക്കനുകൂലമായി ഉണ്ടായ ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രശ്‌നത്തിന് പരിഹാരമായി പട്ടയം അനുവദിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ‘മരണം വരെയുള്ള അച്ഛന്റെ ആഗ്രഹമായിരുന്നു ഇന്ന് യാഥാര്‍ഥ്യമായത്. മനസ്സു നിറഞ്ഞു..’-വാക്കുകള്‍ മുഴുമിപ്പിക്കാനാവതെ സുകന്യ പറഞ്ഞു.