കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ കുശാല്‍ നഗറിലെ താഹിറയ്ക്കും അംഗപരിമിതനായ മകന്‍ മുഹമ്മദ് നിഹാലിനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ കരുതല്‍. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ അയല്‍വാസികളുടെ വീട്ടു വരാന്തകളില്‍ അഭയം തേടി ജിവിതം കഴിച്ചുകൂട്ടുകയായിരുന്നു താഹിറയും മകനും. സ്വന്തമായി ഒരു റേഷന്‍ കാര്‍ഡ് അനുവദിച്ച് തരണമെന്ന അപേക്ഷയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ അടുത്തേയക്കെത്തിയ ഇവര്‍ക്ക് എത്രയും പെട്ടന്ന് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദുവിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് ലഭ്യമായാല്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്കും മകനും സുരക്ഷിതമായി ഒരു പാര്‍പ്പിടം കൂടി നല്‍കുമെന്ന് മന്ത്രി താഹിറയ്ക്കും മകനും ഉറപ്പ് നല്‍കി.