കാസർഗോഡ്;  കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും. പാതി നഷ്ടമായ കാഴ്ചയെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും മറികടന്നാണ് മടിക്കൈ എരിക്കുളത്തെ രമണി കാസര്‍കോട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത്. ആകെയുള്ള 10 സെന്റ് ഭൂമിയില്‍ പലരുടെയും സഹായത്തോടെ ചെറിയൊരു വീട് കെട്ടി. പക്ഷെ അങ്ങോട്ടേയ്ക്ക് ഇതുവരെ വൈദ്യുതിയെത്തിയില്ല. 10 വൈദ്യുത പോസ്റ്റ് ആയിരുന്നു പ്രശ്‌നം.

ബിപിഎല്‍ കാര്‍ഡായിട്ടും പോസ്റ്റ് സൗജന്യമായി ലഭിക്കാതെ വന്നപ്പോഴാണ് സങ്കടവുമായി അദാലത്തിലെത്തിയത്. രമണിയുടെ സങ്കടം കേള്‍ക്കാന്‍ വേദിയില്‍ നിന്ന് ഇറങ്ങി ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അടുത്തെത്തിയതോടെ സങ്കടം അടക്കാനാവാതെ രമണി പൊട്ടിക്കരയുകയായിരുന്നു. രമണിക്ക് അടിയന്തിരമായി വൈദ്യുതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വെള്ളമില്ലാത്ത ദുരിതം കൂടി മന്ത്രിയോട് പറഞ്ഞപ്പോള്‍ അതിനും പരിഹാരം കാണാന്‍ ശ്രമിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. തിമിരം ബാധിച്ച് കാഴ്ചയുടെ 70 ശതമാനത്തിലധികവും നഷ്ടമായി.

പ്രമേഹം കൂടി ബാധിച്ചതോടെ ശാരീരികമായും തളര്‍ന്നു. തൊഴിലുറപ്പ് ജോലി ചെയ്ത് ഉപജീവനം കണ്ടെത്തിയിരുന്ന രമണിയ്ക്ക് ശാരീരിക അവശതകള്‍ കാരണം ജോലിയ്ക്കു പോകാനും കഴിയുന്നില്ല. ആകെയുള്ള ആശ്രയം സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പെന്‍ഷന്‍ മാത്രമാണ്. ഭര്‍ത്താവ് മരിച്ച രമണിയുടെ ഏകമകന്‍ മൂന്നു വര്‍ഷം മുന്നേ നാട് വിട്ടു പോയിരുന്നു. ജീവിതത്തിലെ പ്രതീക്ഷകളത്രെയും നഷ്ടമായ രമണിയ്ക്ക് സാന്ത്വനമാവുകയായിരുന്നു അദാലത്ത.്