കാസർഗോഡ്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വി ഡിസേര്‍വ് പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി പരവനടുക്കം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് നടത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈദ അബൂബക്കര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ജിഷോ ജെയിംസ്, കോഓഡിനേറ്റര്‍മാരായ അഷറഫ്, രാജേഷ്, മുളിയാര്‍ സി എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഈശ്വര നായക് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 2019 ല്‍ ആരംഭിച്ച വി ഡിസേര്‍വ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇതുവരെ 19852 പേര്‍ രജിസ്റ്റര്‍ ചെയ്തു.
4574 പേര്‍ക്ക് ഭിന്നശേഷി മെഡിക്കല്‍ ബോഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കി. 754പേര്‍ക്ക് സഹായ ഉപകരണങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കി. ഭിന്നശേഷിക്കാര്‍ക്കായ് രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 2016 ലെ അംഗപരിമിത അവകാശ നിയമപ്രകാരം 21 തരം ഭിന്നശേഷികളെയും ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നു. ഒപ്പം നിയമാനുസൃത രക്ഷാ കര്‍ത്തൃത്വ സര്‍ട്ടിഫിക്കറ്റും നിരാമയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഗുണഭോക്താക്കളായി ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തലും സൗജന്യമായി ഈ ക്യാമ്പിനോടനുബന്ധിച്ചു നിര്‍വഹിക്കുന്നുണ്ട്.
പരവനടുക്കത്ത് നടന്ന ക്യാമ്പില്‍ 95 പേര്‍ പങ്കെടുത്തു. 73 പേര്‍ക്ക് ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. ഈ വര്‍ഷം വി ഡിസേര്‍വിന്റെ ഭാഗമായി ഇത് വരെ 11 ക്യാമ്പുകള്‍ ജില്ലയില്‍ നടത്തി. 120 പേര്‍ക്ക് നിയമാനുസൃത രക്ഷാ കര്‍ത്തൃത്വ സര്‍ട്ടിഫിക്കറ്റും 230 പേര്‍ക്ക് നിരാമയ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കി.
—