‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം

പാലക്കാട്:   താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര അദാലത്ത് രണ്ടാം ദിനം ഷൊര്‍ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകടനപത്രികയില്‍ പറഞ്ഞ 98 ശതമാനം വാഗ്ദാനങ്ങളും അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 6.8 ലക്ഷം കുട്ടികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നത്. ഇത് പൊതുവിദ്യാഭ്യാസ വിദ്യാഭ്യാസമേഖലയുടെ വലിയ നേട്ടമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന്, ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാരെ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. രാജ്യത്ത് പൊതുജനാരോഗ്യ സംരക്ഷണ മേഖലയില്‍ മികച്ച സംസ്ഥാനമായി കേരളം മാറി. 12 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനോടകം വാട്ടര്‍ കണക്ഷനുകള്‍ നല്‍കുകയും മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതികള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 6.7 ലക്ഷം ടണ്ണില്‍ നിന്ന് 14.9 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ സാധിച്ചു . ഒന്നില്‍ നിന്ന് 2.34 ലക്ഷം ഹെക്ടറില്‍ നെല്‍ കൃഷി വര്‍ദ്ധിച്ചു. കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിച്ചു. ഒരുദിവസം 52 രൂപ നിരക്കില്‍ സാധാരണക്കാരായ 60 ലക്ഷം കുടുംബങ്ങള്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കി വരുന്നത്.

കോവിഡ് കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ സാധിച്ചതും വലിയ നേട്ടമാണ്. കേവലം പട്ടിണി മാറ്റുക എന്നതിലുപരി കുടിവെള്ളം , നല്ല ഭക്ഷണം, വിദ്യഭ്യാസം, എന്നിവ ഉള്‍പ്പെടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടുള്ള ജനകീയ ഇടപെടലും സര്‍വതല സ്പര്‍ശിയുമായ വികസനമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഹോട്ടല്‍ ഗസീബോ ഹെറിറ്റേജില്‍ നടന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാഥിതിയായി. എം.എല്‍.എമാരായ പി.ഉണ്ണി, പി.കെ ശശി എന്നിവര്‍ പങ്കെടുത്തു. ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കന്‍, സബ്കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മലശ്രീ, നോഡല്‍ ഓഫീസര്‍ സൗരവ് ജെയ്ന്‍, എ.ഡി.എം എന്‍.എം. മെഹ്റലി, ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.പി. ജയപ്രകാശ്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.കെ രമ, സുരേഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.