ഫ്‌ളക്‌സ് നിരോധനം നടപ്പാക്കുന്നതിനോട് സര്‍വകക്ഷിയോഗത്തിന് തത്വത്തില്‍ യോജിപ്പ്. ആശങ്കകള്‍ പരിഹരിച്ച് നിരോധനം നടപ്പാക്കണമെന്ന് പൊതു അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ഉല്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുന്നത് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്ന സാഹചര്യത്തില്‍ ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചത്.
ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും സെക്രട്ടറി (നിയമവകുപ്പ്), വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി ഫ്‌ളക്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളും ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത വിലയിരുത്തി. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും യോഗത്തില്‍ മന്ത്രി വിശദീകരിച്ചു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരസ്യ പ്രചാരണങ്ങള്‍ക്കായി ഇന്ന് വളരെയധികം ഉപയോഗിക്കുന്ന ഫ്‌ളക്‌സ് പുനരുപയോഗിക്കാന്‍ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണെന്ന് ചൂണ്ടിക്കാട്ടുന്നു. ഉപയോഗശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്‌ളക്‌സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി) വളരെ അപകടകാരിയായ രാസപദാര്‍ത്ഥമാണ്. പി.വി.സിയില്‍ ക്ലോറിന്‍ കൂടി ഉള്ളതിനാല്‍ അത് കത്തുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും പോലെയുള്ള വിഷവാതകങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നെന്ന് പറയുന്നുണ്ട്.
അത് പോലെ ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും പി.വി..സി മുക്തവുമായ പോളി എത്തിലിന്‍ നിര്‍മ്മിത വസ്തുക്കളോ അതുപോലെയുള്ള വസ്തുക്കളോ ഉപയോഗിക്കുന്നതിന് അനുമതി നല്കിയിട്ടുണ്ട്. പോളി എത്തിലിന്‍ ഉപയോഗിച്ചുള്ള പരസ്യ ബോര്‍ഡുകള്‍ ഉപയോഗശേഷം റീസൈക്ലിംഗ് നടത്താവുന്നതിനാല്‍ പാരിസ്ഥിതിക അപായം സൃഷ്ടിക്കില്ല. റീ സൈക്കിള്‍ ചെയ്യാവുന്ന ഇതര അസംസ്‌കൃതവസ്തുക്കള്‍ പി.വി.സി ഫ്‌ളക്‌സിന്റെ ഏതാണ്ട് അതേവിലയില്‍ ലഭ്യമാവുന്നതിനാല്‍ പി.വി.സി ഫ്‌ളക്‌സിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയാലും ഫ്‌ളക്്‌സ് പ്രിന്റിംഗ് സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രയാസമുണ്ടാകില്ല.
താഴെപ്പറയുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങളോടെ ഫ്‌ളക്്‌സ് നിരോധനം നടപ്പാക്കാവുന്നതാണെന്ന് സമിതി ശുപാര്‍ശ ചെയ്തു.
തെരഞ്ഞെടുപ്പ് അടക്കമുള്ള യാതൊരുവിധ പരസ്യ പ്രചാരണങ്ങള്‍ക്കും പിവിസി ഫ്‌ലക്‌സ് ഉപയോഗിക്കുവാനോ പ്രിന്റ് ചെയ്യുവാനോ പാടില്ല. സര്‍ക്കാര്‍ പരിപാടികളുടേയും, സ്വകാര്യ മതപരമായ ചടങ്ങുകളുടെയും പ്രചാരണത്തിനും പിവിസി ഫ്‌ലക്‌സ് ബോര്‍ഡ്, ബാനര്‍ ഉപയോഗിക്കുവാന്‍ പാടില്ല.
ഫ്‌ളക്‌സിനു പകരമായി സര്‍ക്കാര്‍ അംഗീകൃത പ്രകൃതിസൗഹൃദ റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീനോ കോട്ടണ്‍ തുണിയോ മാത്രമേ പരസ്യ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല.
ഇത്തരം മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ ‘റീസൈക്ലബിള്‍, പിവിസി ഫ്രീ’ എന്നലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും (ഋഃുശൃ്യ ഉമലേ) പ്രീന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, (പ്രിന്റിംഗ് നമ്പരും) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
തിയതി വച്ചുള്ള പ്രോഗ്രാം ബാനറുകള്‍ക്ക് പ്രോഗ്രാം അവസാനിക്കുന്ന തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും, തീയതി വയ്ക്കാത്ത സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങള്‍ക്ക് പരമാവധി 90 ദിവസം പിന്നിട്ടുള്ള തീയതി ഉപയോഗം അവസാനിക്കുന്ന തീയതിയായും ആയും നിശ്ചയിക്കണം. ബാനറുകള്‍ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റിംഗ് നമ്പര്‍ പതിക്കുകയും, ഈ നമ്പര്‍ പ്രകാരം പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ മുഴുവന്‍ വിവരവും സ്ഥാപനത്തില്‍ സൂക്ഷിക്കണം. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ ഉപയോഗം അവസാനിക്കുന്ന തീയതിക്കു ശേഷം പരമാവധി മൂന്നുദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേല്‍പ്പിക്കണം.
ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് മൂന്നുദിവസത്തിനു ശേഷവും എടുത്തുമാറ്റാത്തപക്ഷം സ്‌ക്വയര്‍ഫീറ്റിന് നിശ്ചിത നിരക്കില്‍ സ്ഥാപിച്ചവരില്‍ നിന്നും അതത് തദ്ദേശസ്ഥാപനത്തിന് ഫൈന്‍ ഈടാക്കാം. പ്രിന്റ് ചെയ്തുകൊടുക്കുന്ന സ്ഥാപനങ്ങള്‍ ഉപയോഗശേഷം തിരിച്ചെത്തിക്കുന്ന ഇത്തരം ബാനറുകള്‍ നിര്‍ബന്ധമായും ഉപഭോക്താവില്‍ നിന്നും തിരിച്ചെടുക്കണം.
മേല്‍പറഞ്ഞ മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ പ്രിന്റിംഗ് തുകയ്ക്ക് പുറമേ സ്‌ക്വയര്‍ഫീറ്റിന് ഒരു രൂപ നിരക്കില്‍ മുന്‍കൂറായി ഉപഭോക്താവില്‍ നിന്ന് ഈടാക്കി ഉപയോഗശേഷം അവ തിരിച്ചേല്‍പ്പിക്കുമ്പോള്‍ തുക തിരിച്ച് നല്‍കും.
ഉപയോഗശേഷം തിരിച്ചെടുത്ത ബാനറുകള്‍, പ്രിന്റിംഗ് സ്ഥാപനങ്ങള്‍ മെറ്റീരിയല്‍ സപ്ലൈ ചെയ്യുന്നവര്‍ക്ക് തിരികെ ഏല്‍പ്പിക്കണം. ഈ അറിയിപ്പിന് ശേഷം ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്യുകയോ തദ്ദേശസ്ഥാപന പരിധിയില്‍ ഫ്‌ളക്‌സ് ബാനര്‍/ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യുന്നപക്ഷം പ്രിന്റ് ചെയ്തവരില്‍ നിന്നും അവ സ്ഥാപിച്ചവരില്‍ നിന്നും സ്‌ക്വയര്‍ ഫീറ്റിന് 20 രൂപ നിരക്കില്‍ ഫൈന്‍ ഈടാക്കാം.
യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫ്‌ളക്‌സ് നിരോധനം പൊതുവെ സ്വാഗതം ചെയ്തു. എന്നാല്‍ മേഖലയിലുള്ള തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടാതെ അവരുടെ പുനരധിവാസം കൂടി സാധ്യമാകുന്ന തരത്തിലാവണമെന്ന് അഭിപ്രായം പങ്കുവെച്ചു.
നിരോധനം സംബന്ധിച്ച ശാസ്ത്രീയവും, പ്രായോഗികവുമായ വസ്തുതകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിശദമായ വിവരം ലഭ്യമാക്കുമെന്നും ലഭിക്കുന്ന എല്ലാ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുഖവിലയ്ക്ക് എടുത്ത് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉറപ്പ് നല്‍കി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ .ജോസ്, സെക്രട്ടറി ഡോ. ബി. അശോക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി.ദത്തന്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ അജയ്കുമാര്‍ വര്‍മ എന്നിവര്‍ സംബന്ധിച്ചു. സി.പി.ഐ.(എം.), കോണ്‍ഗ്രസ്, ബി.ജെ.പി., മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), സി.പി.ഐ, ജനതാദള്‍, എന്‍.സി.പി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.