തൃശ്ശൂർ: സംസ്ഥാന സർക്കാർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ. 2016 -17 ലെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം നിർമാണമാരംഭിച്ച കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ 11-ാം വാർഡ് തിപ്പലശ്ശേരി കസ്തൂർബ കോളനിയുടെ പ്രവർത്തന പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾക്കൊപ്പം നിന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവരുടെയും പട്ടികജാതി, വർഗ വിഭാഗക്കാരുടെയും അവകാശങ്ങൾ ഒട്ടേറെ യാഥാർത്ഥ്യമാക്കി. വികസനം എത്താത്തിടത്ത് വികസനമെത്തിച്ചു. ലൈഫ് പദ്ധതിയിലൂടെ ഇനിയും വീടുനൽകും. പ്രാദേശിക തലത്തിൽ ആരോഗ്യ രംഗത്തെ പരിപോഷിപ്പിക്കാൻ വലിയ സംഭാവനകൾ സർക്കാർ നടത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കോളനിയിൽ നടത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒരു ലക്ഷം രൂപ ചെലവഴിച്ച് 27 വീടുകളുടെ പുനരുദ്ധാരണം നടത്തി. 5 തയ്യൽ യന്ത്രങ്ങൾ ഉൾപ്പെട്ട വനിതാ തൊഴിൽ പരിശീലന കേന്ദ്രം, യുവജന ക്ലബ്ബ്, കുട്ടികളുടെ പാർക്ക്, അങ്കണവാടി നവീകരണം, വയോജന കേന്ദ്രം, 3 റോഡുകളുടെ പുനരുദ്ധാരണം, കമ്യൂണിറ്റി ഹാളിൻ്റെ നവീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തി.സംസ്ഥാന തലത്തിലെ 80 കസ്തൂർബ കോളനികളുടെ ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായാണ് കസ്തുർബാ കോളനിയിൽ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പട്ടികജാതി, വർഗ ക്ഷേമ വകുപ്പു മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിച്ചു.