ആലപ്പുഴ :ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്‍റെയും കരുമാടി റെസ്റ്റ് ഹൗസിന്‍റെയും ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസിന്‍റെയും ഉദ്ഘാടനം രണ്ടു ദിവസങ്ങളായി നടത്തും. ഫെബ്രുവരി 11ന് രാവിലെ 9.30ന് കരുമാടി റെസ്റ്റ് ഹൗസിന്‍റെയും 11 മണിക്ക് ചെങ്ങന്നൂര്‍ റെസ്റ്റ് ഹൗസിന്‍റെയും 13 ന് വൈകുന്നേരം 5 മണിക്ക് ആലപ്പുഴ ജില്ല റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂടെ പ്രത്യേക ശ്രദ്ധയോടുകൂടിയ ആശയങ്ങളും കാഴ്ചപാടുകളും വകുപ്പില്‍ നല്‍കി വലിയ മാറ്റം കൊണ്ടുവരുന്നതിനും പൊതുമരാമത്ത് വകുപ്പിനെ ജനങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി കാലപഴക്കം ചെന്ന എല്ലാ റെസ്റ്റുഹൗസുകളും ഈ സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കായംകുളത്തേയും മാവേലിക്കരയിലേയും വിശ്രമ മന്ദിരങ്ങള്‍ നവീകരിച്ച് നേരത്തെ തന്നെ നാടിന് സമര്‍പ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ മാത്രം 5 വിശ്രമ മന്ദിരമാണ് നവീകരിച്ച് ഉന്നത നിലവാരത്തിലാക്കിയിട്ടുള്ളത്. ഹരിപ്പാട്, ചേര്‍ത്തല റെസ്റ്റ് ഹൗസുകളും നവീകരിക്കുന്നതിനായും കുട്ടനാട്, നൂറനാട് പുതിയ റെസ്റ്റ് ഹൗസ് നിര്‍മ്മിക്കുന്നതിനായും നടപടി ക്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.

കേരളത്തിലാകെ 155 ഓളം റെസ്റ്റ് ഹൗസുകളാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. എല്ലാ വിശ്രമ മന്ദിരങ്ങളും ഇന്ന് മികച്ച സ്വകര്യങ്ങളോട് കൂടി ജനോപകാരപ്രദമായി പ്രവര്‍ത്തിച്ച് വരികയുമാണ്. ഇതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മന്ത്രി ജി.സുധാകരന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിശ്രമ മന്ദിരങ്ങളിലെ ജീവനക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കുകയും ചിട്ടയായ നടപടി ക്രമങ്ങള്‍ വിശ്രമ മന്ദിരങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. അതിലൂടെ കൂടുതല്‍ ജനങ്ങള്‍ വിശ്രമ മന്ദിരങ്ങളെ ആശ്രയിക്കുന്നത് വഴി സര്‍ക്കാരിലേക്ക് മികച്ച വരുമാനം കണ്ടെത്താന്‍ കഴിയുന്നുണ്ട്.
ആലപ്പുഴ വിശ്രമ മന്ദിരത്തിലെ പുതിയ ബ്ലോക്ക് 7 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കരുമാടി വിശ്രമ മന്ദിരം 3.44 കോടി രൂപ ചിലവഴിച്ചു. ചെങ്ങന്നൂര്‍ വിശ്രമ മന്ദിരത്തിന് 2.5 കോടി രൂപയുമാണ് ചിലവാക്കിയിട്ടുള്ളത്.
കേരളത്തിലെ തന്നെ അതിമനോഹരമായ എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടെയുള്ള ആലപ്പുഴ ബീച്ചില്‍ കൂടെ കടന്ന് പോകുന്ന ആലപ്പുഴ ബൈപ്പാസിന്‍റെ സമീപത്താണ് ആലപ്പുഴ ജില്ലാ വിശ്രമ മന്ദിരം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന ആലപ്പുഴ കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ വിശ്രമ മന്ദിരം വിനോദ സഞ്ചാരികള്‍ക്കും ജനങ്ങള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ്. അതുപോലെ ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ് കരുമാടി. പ്രകൃതിയോട് ചേര്‍ന്ന് ഇണങ്ങി കിടക്കുന്നതിനാലും കരുമാടിക്കുട്ടന്‍ എന്ന ബുദ്ധപ്രതിമ ഉള്ളതിനാലും പ്രശസ്തമാണ് ഇവിടം. അതിലുപരി ദേശീയ ശ്രദ്ധ ആകര്‍ശിക്കുന്ന മറ്റൊന്നുകൂടി ഇവിടുണ്ട്. മഹാത്മാഗാന്ധി വിശ്രമിച്ച മുസാവരി ബംഗ്ലാവ്. ഈ ബംഗ്ലാവിന്‍റെ സമീപത്താണ് കരുമാടി വിശ്രമ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ മഹാത്മാ ഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ക്ക് മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് കെട്ടിട വിഭാഗം അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന വികസന കാഴ്ചപാടിലൂടെ നടത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വണ്ടാനം ടി.ഡി മെഡിക്കല്‍ കോളേജില്‍ അത്യാധൂനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഓഡിറ്റോറിയം, എന്‍.ജി.ഒ ക്വര്‍ട്ടേഴ്സ്, ജില്ലാ ജയില്‍, രജിസ്ട്രേഷന്‍ കോംപ്ല്കസ്, സ്കൂള്‍ ഓഡിറ്റോറിയം, വിവിധ സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളാണ്.