ആലപ്പുഴ: സ്കൂളുകളില്‍  കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യം പരിഗണിച്ച് ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം കളക്ടറേറ്റിൽ ചേർന്നു. നിലവിൽ ജില്ലയിലെ സ്കൂളുകളില്‍ കോവിഡ് വ്യാപന സാഹചര്യം ഉണ്ടായിട്ടില്ല. എങ്കിലും ശക്തമായ മുൻകരുതൽ സ്വീകരിക്കണം. ഫെബ്രുവരി 15 മുതൽ ഒരാഴ്ചത്തേക്ക് വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ ആർ ടി പിസിആർ പരിശോധന റാൻഡം അടിസ്ഥാനത്തിൽ നടത്താൻ യോഗത്തില്‍ തീരുമാനമായി.

നാലു വിദ്യാഭ്യാസ ജില്ലകളിലായി ഇതിന് 8 മൊബൈൽ യൂണിറ്റുകൾ രൂപവൽക്കരിച്ചു. പരിശോധന നടത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി എം ഒ യ്ക്ക് നൽകണം. കഴിഞ്ഞദിവസം ജില്ലാ സർവൈലൻസ് ഓഫീസര്‍ സ്കൂളുകളിൽ പരിശോധന നടത്തിയിരുന്നു. ഇതുപ്രകാരം ഡെസ്ക്, ബെഞ്ച് എന്നിവ സാനിറ്റൈസ് ചെയ്യുന്നില്ല എന്ന് കണ്ടെത്തി. ജീവനക്കാരുടെ അഭാവം വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിന് ഡെസ്ക്, ബഞ്ച് എന്നിവ അണുവിമുക്തമാക്കാന്‍ പഞ്ചായത്തുകളെ ചുമതലപ്പെടുത്താന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബസ് സ്റ്റോപ്പുകളിലും ട്യൂഷൻ സെൻററുകളിലും കോവിഡ് മാനദണ്ഡങ്ങൾ വേണ്ടവിധം പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അധ്യാപകർക്ക് ഇക്കാര്യം മുന്‍നിര്‍ത്തി പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഇവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ട്യൂഷൻ ക്ലാസുകളിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് സെക്ട്രല്‍ മജിസ്ട്രേറ്റുമാർക്ക് പ്രത്യേക ചുമതല നൽകി. സ്കൂളുകളില്‍ രക്ഷകർത്താക്കളുടെ അനുമതിയോടെ മാത്രമേ ആര്‍.ടി.പി.സി.ആര്‍ പരിശോധന കുട്ടികള്‍ക്ക് നടത്തൂ. എല്ലാ അധ്യാപകർക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

കുട്ടികളിൽ കോവിഡ് നിയന്ത്രണ അബോധം ഉണ്ടാക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കും. സ്കൂളുകളിൽ കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി പോസ്റ്ററും ബാനറും പ്രദർശിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് ചാര്‍ജ് ഓഫീസര്‍ അമിത്ത്മീണ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍ കുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.