ചിലവഴിച്ചത് 3.16 കോടി രൂപ

കോട്ടയം: ജില്ലയില്‍ ടൂറിസം മേഖലയില്‍ 3.16 കോടി രൂപ ചിലവിട്ട് പൂര്‍ത്തീകരിച്ച രണ്ടു പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എരുമേലി പിൽഗ്രിം ഹബ്ബ്, കുമരകം സാംസ്ക്കാരിക കേന്ദ്രം എന്നിവയാണ് സംസ്ഥാനത്തെ മറ്റ് 23 പദ്ധതികള്‍ക്കൊപ്പം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തത്.

ഉത്തരവാദിത്വ ടൂറിസം നടപ്പാക്കിയതിലൂടെ വിനോദസഞ്ചാര മേഖലയിലെ പദ്ധതികളുടെ പ്രയോജനം അതത് മേഖലകളിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇതോടനുബന്ധിച്ച് കുമരകം സാംസ്ക്കാരിക നിലയത്തില്‍ നടന്ന ചടങ്ങ് അഡ്വ. കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി . ശ്രീകുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.വി .ബിന്ദു എന്നിവർ സംസാരിച്ചു.

എരുമേലിയിൽ നടന്ന ചടങ്ങില്‍ പി.സി.ജോര്‍ജ് എം.എല്‍.എ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ ജോര്‍ജ് കുട്ടി, ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, വാര്‍ഡ് അംഗം പി.എ ഷാനവാസ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായര്‍ എന്നിവര്‍ സംസാരിച്ചു.