കോഴിക്കോട്: നവീകരിച്ച എലത്തൂര്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് മുറയോടുള്ള ജനങ്ങളുടെ ഭീതി അകറ്റാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സഹായിക്കാനുള്ള ധാര്‍മ്മിക ബാധ്യത പോലീസ് സേനക്കുണ്ട് എന്ന് തെളിയിക്കാനും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാധിച്ചതായി മന്ത്രി പറഞ്ഞു. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ച് പൈതൃകരീതിയിലാണ് കെട്ടിടം നവീകരിച്ചത്. ജില്ലാപോലീസ് മേധാവി എ.വി ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

1963ല്‍ നിര്‍മ്മിച്ച സ്റ്റേഷന്റെ പഴയ കെട്ടിടം സ്ഥലപരിമിതിയും അസൗകര്യവും കാരണം ശോച്യാവസ്ഥയില്‍ ആയിരുന്നു. പോലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ സ്വന്തമായി കെട്ടിടമില്ലാത്ത സ്റ്റേഷനുകള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും നിലവിലുള്ള സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇത് വഴി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വി.കെ മോഹന്‍ദാസ്, മനോഹരന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.കെ ബിജു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.