14 പേര്‍ക്കുകൂടി ഉടന്‍ പട്ടയം നല്‍കും
തിരുവനന്തപുരം: അരാനൂറ്റാണ്ടിലേറേയായിനിയമക്കുരുക്കില്‍പ്പെട്ടു കിടന്ന മണമ്പൂര്‍ വില്ലേജിലെ മിച്ചഭൂമി പ്രശ്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹാരമായി. മണമ്പൂരിലെ മിച്ചഭൂമി വര്‍ഷങ്ങളായി കൈവശംവച്ചു താമസിച്ചിരുന്ന 52 പേര്‍ക്ക് അദാലത്തില്‍ പട്ടയം നല്‍കി. ഇവിടെയുള്ള 14 പേര്‍ക്കുകൂടി പട്ടയം നല്‍കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
1968ലാണ് തര്‍ക്കങ്ങളുടെ തുടക്കം. നൂറോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഭൂമി ഭൂഉടമ താമസക്കാര്‍ക്കു കൈമാറ്റം ചെയ്തതില്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. സ്ഥലമുടമയില്‍നിന്നു താമസക്കാര്‍ ഭൂമി വാങ്ങിയെങ്കിലും പിന്നീടു നടന്ന അന്വേഷണത്തില്‍ അതു സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 1976ല്‍ മണമ്പൂരിലെ 15.85 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു കൈവശാവകാശ രേഖകളും പട്ടയവും നല്‍കി ഭൂമി പോക്കുവരവ് ചെയ്തുകിട്ടാന്‍ ഇവിടെ താമസിച്ചിരുന്നവര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ അപേക്ഷ നല്‍കി. എന്നാല്‍ അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും നിയമക്കുരുക്കുകളിലും നൂലാമാലകളിലുംപെട്ട് തീരുമാനം വര്‍ഷങ്ങള്‍ നീണ്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ബി. സത്യന്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനുകള്‍ സമര്‍പ്പിച്ചിരുന്നു. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രശ്ന പരിഹാരത്തിന് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ അധികൃതര്‍ ഭൂമി പരിശോധിച്ച് അളന്നു തിട്ടപ്പെടുത്തി. തുടര്‍ന്ന് ഭൂമിയുടെ പട്ടയം ആവശ്യപ്പെട്ടു സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കുകയും തുടര്‍ന്ന് ഭൂമിയ്ക്ക് പട്ടയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ പട്ടയം വിതരണം ചെയ്യാന്‍തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു നീണ്ടുപോയി. ഒടുവില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തില്‍വച്ച് പട്ടയം നല്‍കാന്‍തീരുമാനിക്കുകയായിരുന്നു. സ്വന്തം ഭൂമിയായിരുന്നിട്ടു പോലും ഭൂമിയില്ലാത്തവരെപ്പോലെ കഴിയേണ്ടി വന്ന മണമ്പൂരിലെ ഈ കുടുംബങ്ങള്‍ക്ക് ഇനി സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ അന്തിയുറങ്ങാം.