തിരുവനന്തപുരം: വീട് പണി പൂര്‍ത്തിയാക്കാന്‍ ഇനി എത്ര രൂപകൂടിയാകും? ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ചോദ്യംകേട്ട് രവികുമാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉടന്‍ മറുപടി എത്തി. ഒന്നര ലക്ഷം രൂപകൂടിയാകും. വേഗത്തില്‍ പണി പൂര്‍ത്തിയാക്കി താമസം തുടങ്ങണമെന്നു പറഞ്ഞ് അപേക്ഷയില്‍ ഒന്നര ലക്ഷം അനുവദിക്കുന്നതായി മന്ത്രി എഴുതി. അന്ധനായ നഗരൂര്‍ സ്വദേശി രവികുമാറിന്റെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശത്തിലൂടെ അറുതിയാകുന്നത്.
ലോട്ടറി കച്ചവടമാണ് രവികുമാറിന്റെ തൊഴില്‍. 50 വയസുകാരനായ ഇദ്ദേഹത്തിന് എട്ടു വയസുള്ളപ്പോഴാണ് ഒരപകടത്തില്‍പ്പെട്ട് കാഴ്ച നഷ്ടപ്പെടുന്നത്. സ്വന്തമായി വീടില്ലാത്ത രവികുമാറിന് 2016 ല്‍ പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം വീടുവയ്ക്കാനായി മൂന്നു ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാല്‍ വീടു പണി പൂര്‍ത്തിയാക്കാനായില്ല. ലോട്ടറി വറ്റുകിട്ടുന്ന തുച്ഛ വരുമാനംകൊണ്ട് കഷ്ടിച്ച് ജീവിച്ചു പോകാനേ കഴിഞ്ഞിരുന്നുള്ളു. അങ്ങനെയാണ് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ സഹായം തേടി രവി സാന്ത്വനസ്പര്‍ശം അദാലത്തിലെത്തുന്നത്.
രവിയുടെ അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഒന്നര ലക്ഷം രൂപകൂടി അനുവദിച്ചത്. സ്വന്തം വീടില്ലാത്തതിനാല്‍ ലോട്ടറി വില്‍പ്പന നടത്തുന്ന കടമുറിയില്‍ അന്തിയുറങ്ങുന്ന രവി വൈകാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്കു ചേക്കേറാനാകുമെന്ന പ്രതീക്ഷയിലാണ്. വെല്‍ഫെയര്‍ സൊസൈറ്റി ഫോര്‍ ബ്ലൈന്‍ഡിന്റെ സഹായത്തോടെയാണ് രവി അദാലത്തില്‍ എത്തിയത്.
ഏകദേശം സമാനമായ പ്രശ്നങ്ങളുമായാണ് ആലംകോടുകാരി മിനിയും സൊസൈറ്റിയുടെ സഹായത്തോടെ അദാലത്തിലെത്തിയത്. വെല്‍ഫെയര്‍ സൊസൈറ്റി ഫോര്‍ ബ്ലൈന്‍ഡാണ് മിനിയേയും അദാലത്തില്‍ പങ്കെടുക്കാന്‍ സഹായിച്ചത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ മിനി, വീടു നിര്‍മിക്കാനെടുത്ത വായ്പാ തിരിച്ചടവു മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ്. മകളും പ്രായമായ അമ്മയും മാത്രമുള്ള വീട്ടില്‍നിന്ന് ഇറക്കി വിട്ടാല്‍ പോകാന്‍ ഇടമില്ലെന്നും സര്‍ക്കാര്‍ ഇടപെട്ടു സഹായം നല്‍കണമെന്നും അപേക്ഷിച്ചാണ് സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് മിനി എത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടിയെടുക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി. ഈടു നല്‍കിയ ആധാരം തിരികെ കിട്ടുമെന്ന ഉറപ്പിലാണ് മിനി അദാലത്തു വേദിയില്‍ നിന്ന് നിറഞ്ഞ സന്തോഷത്തോടെ മടങ്ങിയത്.