സാന്ത്വന സ്പര്‍ശത്തിലിലൂടെ നിരവധി പേര്‍ക്കു ചികിത്സാ സഹായം
തിരുവനന്തപുരം: ഒരു കാല്‍ നഷ്ട്ടമായവര്‍, വൃക്കകള്‍ തകരാറിലായവര്‍, ഹൃദ്രോഗികള്‍, മറ്റു ശാരീരിക അവശതകളുള്ളവര്‍ തുടങ്ങി നിരവധി പേരാണ് ഇന്നലെ(ഫെബ്രുവരി 09) ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്കെത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു ചികിത്സയും ദൈനംദിന ജീവിതവും മുന്നോട്ടുകൊണ്ടുപോകാനാകാതെ പ്രതിസന്ധിയിലകപ്പെട്ടവരായിരുന്നു ഇവരില്‍ പലരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അര്‍ഹതപ്പെട്ട ചികിത്സാ സഹായം എല്ലാവര്‍ക്കും അനുവദിച്ചു. മന്ത്രിമാര്‍ നേരിട്ടു പരാതി കേട്ട് അപക്ഷകളില്‍ അടിയന്തര തീര്‍പ്പുണ്ടാക്കിയതിന്റെ സംതൃപ്തിയോടെയാണ് അവര്‍ മടങ്ങിയത്.
സര്‍ക്കാര്‍ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയുമായി ശാരീരിക ബുദ്ധിമുട്ടുകള്‍ വകവെയ്ക്കാതെ രാവിലെതന്നെ പലരും എത്തിയിരുന്നു. അങ്ങനെയെത്തിയതാണ് ചിറയിന്‍കീഴ് സ്വദേശിയായ രമേശന്‍ ആശാരി. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അപകടത്തില്‍ ഒരു കാല്‍ നഷ്ട്ടമായി. അതോടെ ജോലിക്കു പോകാന്‍ കഴിയാതെയുമായി. ചികിത്സയ്ക്കും വീട്ടു ചെലവുകള്‍ക്കുമായി ഓരോ മാസവും നല്ല ചെലവു വരും. രമേശന്റെ സ്ഥിതിഗതികള്‍ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ നേരത്തേ വികലാംഗ പെന്‍ഷന്‍ അനുവദിച്ചിരുന്നു. ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായംതേടിയാണ് രമേശന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് എത്തുന്നത്. രമേശന്റെ കഷ്ടതകള്‍ നേരില്‍ മനസിലാക്കിയ മന്ത്രി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 20,000 രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
വര്‍ക്കല സ്വദേശി സുല്‍ഫിക്കര്‍ ഹൃദ്രോഗിയാണ്. ഹെര്‍ണിയ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സുല്‍ഫിക്കര്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ് സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം അദാലത്തിനെക്കുറിച്ച് അറിയുന്നത്. സുല്‍ഫിക്കറിന്റെ അപേക്ഷ പരിഗണിച്ച് ശസ്ത്രക്രിയയ്ക്കായി 25,000 രൂപയാണ് അദാലത്തില്‍ അനുവദിച്ചത്.
എല്ലുപൊടിഞ്ഞു പോകുന്ന അസുഖം ബാധിച്ച് കഴിഞ്ഞ 22 വര്‍ഷമായി ചികിത്സയിലാണ് നഗരൂര്‍ സ്വദേശി ഷാജി ലാല്‍. ഷാജിയുടെ ചികിത്സാ സഹായത്തിനായി അദാലത്തില്‍ 15,000 രൂപ അനുവദിച്ചു. അദാലത്തില്‍ സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം തിരിച്ചറിഞ്ഞ നൂറുകണക്കിന് ആളുകളില്‍ ചുരുക്കം ചിലരാണ് ഇവര്‍. ഇത്തരത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണ്ട നിരവധി അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു. നിയമക്കുരുക്കിലും നൂലാമാലകളിലുംപെട്ട് വര്‍ഷങ്ങളായി തീര്‍പ്പുണ്ടാകാതെയിരുന്ന നിരവധി കേസുകളും അദാലത്തില്‍ പരിഹരിക്കപ്പെട്ടു എന്നത് സാധാരാണക്കാരെ സംബന്ധിച്ച് ഏറെ പ്രയോജനകരമായി.