മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ദിവസങ്ങളിലായി അനുവദിച്ചത് 2,34,59,500 രൂപ
തിരുവനന്തപുരം: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ ആറ്റിങ്ങലില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,04,36,500 രൂപയുടെ (ഒരുകോടി നാലുലക്ഷത്തി മുപ്പത്താറായിരത്തി അഞ്ഞൂറ് രൂപ) ധനസഹായം. ചികിത്സാ ധനസഹായത്തിനും സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസം തേടിയും ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പുണ്ടാക്കിയാണ് സാന്ത്വന സ്പര്‍ശത്തിന്റെ രണ്ടാം അദാലത്ത് ജില്ലയില്‍ പൂര്‍ത്തിയായത്.  മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ സെന്ററുകള്‍ വഴിയും ഓണ്‍ലൈനായും അപേക്ഷിച്ച ആകെ 1,517 പരാതികളില്‍ 998 പരാതികള്‍ തീര്‍പ്പാക്കി. പുതുതായി ലഭിച്ച 1,762 പരാതികളില്‍ 881 എണ്ണത്തിലും നടപടിയെടുത്തു. ശേഷിക്കുന്നവ അടിയന്തരമായി പരിശോധിച്ചു തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായത്തിനായി വര്‍ക്കല താലൂക്കില്‍ ലഭിച്ച 166 അപേക്ഷകളില്‍ 24,74,000 രൂപ അനുവദിച്ചു. ചിറയിന്‍കീഴില്‍ 568 അപേക്ഷകളിലായി 79,62,500 രൂപയും നല്‍കി. രണ്ടു താലൂക്കുകളിലുമായി 60 പേര്‍ക്ക് സ്വന്തം പേരില്‍ പട്ടയങ്ങള്‍ അനുവദിച്ചു. മണമ്പൂര്‍ മിച്ചഭൂമി പട്ടയങ്ങളിലെ 52 എണ്ണവും എല്‍.എ. പട്ടയങ്ങളിലെ എട്ടെണ്ണവും ഉള്‍പ്പെടെയാണ് ഇത്. ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളുടെ പരാതികള്‍ പരിഹരിക്കാന്‍ നടത്തിയ അദാലത്തില്‍ 1,30,2300 രൂപ അനുവദിച്ചിരുന്നു. ഇതടക്കം രണ്ടു ദിവസങ്ങളിലായി സിഎംഡിആര്‍എഫ് വഴി നല്‍കിയ ആകെ ധനസഹായം 2,34,59,500 രൂപയായി.
മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനു ലഭിച്ച അപേക്ഷകളില്‍ 36 എണ്ണം തീര്‍പ്പാക്കി പുതിയ റേഷന്‍ കാര്‍ഡ് നല്‍കി. ഇതില്‍ വര്‍ക്കല താലൂക്കില്‍ 16ഉം ചിറയിന്‍കീഴില്‍ 20ഉം കാര്‍ഡുകള്‍ ഉണ്ട്.
ഇനിയും തീര്‍പ്പാക്കാനുള്ള പരാതികളില്‍ അടിയന്തര പരിശോധന നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സിഎംഡിആര്‍എഫില്‍നിന്ന് അനുവദിച്ച ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. മറ്റ് അപേക്ഷകളിലും അടിയന്തര തീര്‍പ്പുണ്ടാകുമെന്നും അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഇതു സംബന്ധിച്ച വിവരം അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു.