തിരുവനന്തപുരം: വര്‍ക്കല വെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ഇരുമ്പിന്റെ അംശം കൂടുതലാണെന്ന കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി, നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് യഥാര്‍ഥ്യമായതെന്ന് എം.എല്‍.എ പറഞ്ഞു. ഇരുമ്പിന്റെ അംശം പൂര്‍ണമായി നീക്കം ചെയ്യാനായി രണ്ട് സെറ്റ് മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശുദ്ധികരിക്കുന്നത്. പണയിക്കടവ്, അക്കരവിള തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെയും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ 1, 2 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റിയാണ് കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കിയത്. ഇതിനായി 1.67 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയാണ് കാക്കകുഴി പദ്ധതിക്കായി നിര്‍മിച്ചത്.
ചടങ്ങില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുനില്‍ ലാല്‍, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ലൈജു, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. നാസാമുദ്ദീന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.