തൃശ്ശൂർ: മുസിരിസിന്റെ കായലോരങ്ങളിൽ വീണ്ടും സാഹസികതയുടെ തുഴയെറിച്ചിൽ. വാട്ടർ ടൂറിസം കായിക സാധ്യതകൾ തേടിയുള്ള കയാക്കിങ് ഇവൻറായ ‘മുസിരിസ് പാഡിലി’ന് കോട്ടപ്പുറം കായലോരത്ത് ഫെബ്രു. 12, 13 തിയതികളിൽ തുടക്കമാവും. സംസ്ഥാന ടൂറിസം വകുപ്പും മുസിരിസ് പൈതൃക പദ്ധതിയും ജെല്ലിഫിഷ് വാട്ടർ സ്പോർട്സുമാണ് ‘മുസിരിസ് പാഡിൽ’ സംഘടിപ്പിക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ സഹായകമാകുന്ന കയാക്കിങ് ഇവന്റ് കയാക്കിങ്, സപ്പിങ്, സെയിലിങ്, കനോയിങ് തുടങ്ങിയ വാട്ടർ സ്പോർട്‌സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് വാട്ടർഫ്രണ്ട് മുതൽ എറണാകുളം ബോൾഗാട്ടി പാലസ് വരെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയായാണ് കയാക്കിങ് നടത്തുക.

12 ന് രാവിലെ 7.30ന് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്ന കയാക്കിങ് ഉച്ചയോടെ ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ എത്തിച്ചേരും. വൈകീട്ട് 7 ന് കെടാമംഗലം ശ്രവണം ഗ്രീൻസിൽ അവസാനിക്കും. 13ന് രാവിലെ 8 ന് കെടാമംഗലത്ത് നിന്നും ആരംഭിച്ച് നെടുമങ്ങാട് വൈപ്പിൻ വഴി ബോൾഗാട്ടി പാലസിൽ സമാപിക്കും. രാഷ്ട്രീയ, സാമൂഹിക, സിനിമ രംഗത്തെ പ്രമുഖർ ഇവന്റിൽ പങ്കെടുക്കും.പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി നേരത്തെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. സ്വന്തമായി കയാക്ക് ഉള്ളവർക്ക് 6490 രൂപയും കയാക്ക് വേണ്ടവർക്ക് 9440 രൂപയുമായിരുന്നു ഫീസ്. ജനുവരി 18നകം ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം പ്രത്യേക ഇളവും നൽകിയിരുന്നു. പങ്കെടുക്കുന്നവർക്ക് ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 12 ന് രാവിലെ നടക്കുന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, വാർഡ് കൗൺസിലർ എൽസി പോൾ, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ജനറൽ മാനേജർ ശ്രീജിത്ത് എ കെ, മുസ്‌രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ എന്നിവർ പങ്കെടുക്കും.