പിഎസ്സിക്ക് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന നിയമനാധികാരികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ തടസങ്ങൾ ഒഴിവാക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

പിഎസ്സിയിലൂടെ നടത്തുന്ന നിയമനങ്ങൾ സുതാര്യമായിരിക്കണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളുടെ അഞ്ചിരട്ടിയാണ് റാങ്ക് ലിസ്റ്റിൽ പിഎസ്സി ഉൾപ്പെടുത്തുന്നത്. അതിനാൽ 80 ശതമാനത്തോളം ഉദ്യോഗാർത്ഥികൾക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം ലഭിക്കാൻ സർക്കാരിന് പരമാവധി ചെയ്യാൻ കഴിയുന്നത് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നതു മാത്രമാണ്. സീനിയോറിറ്റി തർക്കം കോടതി മുമ്പാകെ നിലനിൽക്കുകയും കോടതി റഗുലർ പ്രൊമോഷൻ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നൽകിയതുമായ കേസുകളിൽ മാത്രം താൽക്കാലിക പ്രൊമോഷൻ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷൻമാർക്ക് നിർദേശം നൽകും.

അർഹതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പ്രൊമോഷൻ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷൻ തസ്തികകൾ പിഎസ്സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താൽക്കാലികമായി തരംതാഴ്ത്തി ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷൻമാർക്ക് നിർദേശം നൽകും. അർഹതയുള്ള ഉദ്യോഗസ്ഥർ ലഭ്യമാകുന്ന മുറയ്ക്ക് താൽക്കാലികമായി ഡീ-കേഡർ ചെയ്ത നടപടി ഭേദഗതി ചെയ്യും. ഈ നടപടികൾ പത്തു ദിവസത്തിനകം മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.