ആലപ്പുഴ: സർക്കാർ ഉത്തരവുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ കലാ-കായിക മത്സരങ്ങൾ. ക്യാമ്പുകൾ, പൊതുയോഗം. പൊതു ചടങ്ങുകൾ മുതലായവ കോവിഡ് 19 പ്രോട്ടോ ക്കോൾ പാലിച്ച് നടത്തുന്നതിനായി പൊതുവായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ല കളക്ടർ എ.അലക്സാണ്ടർ പുറപ്പെടുവിച്ചു.
കലാ-കായിക മത്സരം, ക്യാമ്പ്, പൊതുയോഗം, പൊതു ചടങ്ങുകൾ നടക്കുന്ന ദിവസം സംഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് സംഘാടകരുൾപ്പെടെ ഔട്ട് ഡോർ ആണെങ്കിൽ പരമാവധി 200 പേരെയും ഇൻഡോർ ആണെങ്കിൽ പരമാവധി 100 പേരെയും മാത്രം പങ്കെടുപ്പിച്ച് നടത്തുന്നതിന് സംഘടനകൾക്ക് അനുമതി നൽകും.
കലാ-കായിക മത്സരം,ക്യാമ്പ്, പൊതുയോഗം നടക്കുന്ന കോമ്പൗണ്ടിനുള്ളിൽ സാമൂഹിക അകലം പാലിച്ചു മാസ്ക് ധരിച്ചു മാത്രമേ മത്സരാർത്ഥികൾ, അംഗങ്ങൾക്ക് പ്രവേശനം അനുവദി ക്കാവൂ. കൂടാതെ കൈ കഴുകുന്നതിന് സോപ്പ്, വെള്ളം, സാനിറ്റെസാർ എന്നിവ മത്സരാർത്ഥികൾ, അംഗങ്ങൾക്ക് ബന്ധപ്പെട്ട സംഘടനകൾ തന്നെ ലഭ്യമാക്കേണ്ടതാണ്.
10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും പനിയും മറ്റ് രോഗലക്ഷണങ്ങളുള്ളവരും മത്സരങ്ങളിലും ക്യാമ്പുകളിലും പങ്കെടുക്കുന്നില്ലായെന്ന് സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്.
65 വയസ്സിന് മുകളിൽ പ്രയമുള്ളവർ. ഗർഭിണികൾ, രോഗ ലക്ഷണമുള്ളവർ എന്നിവർ പൊതുയോഗങ്ങളിലും പൊതു ചടങ്ങുകളിലും പങ്കെടുക്കുന്നില്ലായെന്ന് സംഘാടകരും മറ്റ് അധികാരികളും ഉറപ്പുവരുത്തേണ്ട താണ്.
കലാ-കായിക മത്സരങ്ങൾക്ക് കാണികളെ അനുവദിക്കാൻ പാടില്ല.
കലാ-കായിക മത്സരങ്ങൾ , സാംസ്കാരിക പരിപാടികൾ , കലാ പരിപാടികൾ ,സ്റ്റേജ് ഷോകൾ , ക്യാമ്പുകൾ എന്നിവ നടത്തുമ്പോൾ ആയതു സംബന്ധിച്ചുള്ള അറിയിപ്പ് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പോലീസ് അധികാരികൾ എന്നിവരെ അറിയിക്കേണ്ടതാണ്..
കലാ-കായിക മത്സരങ്ങൾ ,ക്യാമ്പ്, പൊതുസമ്മേളനം , പൊതു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ എഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കേണ്ടതാണ്.
മത്സരം , ക്യാമ്പ് , പൊതുസമ്മേളനം, പൊതുചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമാക്കേണ്ട അനുമതികൾ അതാതു വകുപ്പുകളിൽ നിന്നും ലഭ്യമാക്കേണ്ടതാണ്.
മത്സരം / ക്യാമ്പ് / പൊതുസമ്മേളനം , പൊതു ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കുന്ന പ്രദേശത്ത് വഴിയോര കച്ചവടങ്ങൾ, താൽക്കാലിക ഷെഡ് നിർമ്മിച്ചുള്ള കച്ചവടങ്ങൾ എന്നിവ നിരോധിച്ചിരിക്കുന്നു,
മൽസരം , ക്യാമ്പ് , പൊതുസമ്മേളനം , പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്ന പ്രദേശം കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുന്ന പക്ഷം, മറ്റൊരു തീയതിയിലേയ്ക്ക് മാറ്റിവെയ്ക്കുകയോ കണ്ടൻമെൻറ് സോണിൽ ഉൾപ്പെടാത്ത മറ്റൊരു പ്രദേശത്തേയ്ക്ക് മാറ്റുകയോ ചെയ്യേണ്ടതാണ്.
കണ്ടൻമെൻറ് സോണിൽ നിന്നുമുള്ളവർ മത്സരം ക്യാമ്പ് ,പൊതുസമ്മേളനം / പൊതു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നില്ലായെന്ന് സംഘാടകർ ഉറപ്പു വരുത്തേണ്ടതാണ്.
മത്സരം / ക്യാമ്പ് / പൊതുസമ്മേളനം / പൊതു ചടങ്ങുകൾ എന്നിവ യിൽ പങ്കെടുക്കുന്നവരുടെ ശരീര ഊഷ്മാവ് തെർമ്മൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കേണ്ടതും വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
കലാകായിക മത്സരം / ക്യാമ്പ് എന്നിവ ആരംഭിച്ചതിനു ശേഷം രോഗലക്ഷണങ്ങൾ കാണിക്കുന്ന ഇൻമേറ്റ്സ് ഉണ്ടെങ്കിൽ ഉടൻ തന്നെ പ്രദേശത്തിൻറ ചാർജ്ജുള്ള മെഡിക്കൽ ഓഫീസറേയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയേയും അറിയിക്കേണ്ടതാണ്.
മേൽ പറഞ്ഞ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് പോലീസ് അധികാരികൾ, സെക്ടർ മജിസ്ട്രേറ്റ് മാർ, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്.
കണ്ടെൻമെൻറ് സോണുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കുന്നതല്ല. കണ്ടെൻമെൻറ് സോണുകളിൽ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള കണ്ടെൻമെൻറ് സോൺ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്നും കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ – തണ്ണീർമുക്കം – വാർഡ് ആറ്, വടക്ക് -ദേവീസ് ഗോൾഡ് ഫിനാൻസിന് തെക്കുവശം മുതൽ കിഴക്ക് – ബോട്ട് ജെട്ടി. തെക്ക് – ഏദൻ സ്റ്റുഡിയോ , പടിഞ്ഞാറു ജോസ് പടനിലത്ത് എന്നീ പ്രദേശങ്ങൾ ജില്ലാ കളക്ടർ കണ്ടെയ്മെൻറ് സോൺ ആയി പ്രഖ്യാപിച്ചു.