മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. വ്യാഴാഴ്ച 413 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 384 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.
ജില്ലയിലിപ്പോള്‍ 23,979 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,335 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 255 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 124 പേരും 85 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 550 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.