തൃശ്ശൂർ: വൈഗ അഗ്രി ഹാക്കത്തോണിന്റെ ഉദ്ഘാടനം തൃശൂർ സെന്റ് തോമസ് കോളേജ് അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ വൃക്ഷതൈക്ക് വെള്ളമൊഴിച്ചാണ് മന്ത്രി ഹാക്കത്തോൺ ഉദ്ഘാടനം നിർവഹിച്ചത്. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി.
വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തുന്ന കേരളത്തിൻറെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് “വൈഗ അഗ്രി ഹാക്ക് 2021”. കൃഷി, ബന്ധപ്പെട്ട ഭരണനിർവഹണ രംഗം, കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.
കാർഷിക രംഗത്തെ തെരഞ്ഞെടുക്കപ്പെട്ട 16 വിഷയങ്ങൾക്കുള്ള സാങ്കേതിക പരിഹാരമാർഗമാണ് ഇവിടെ കണ്ടെത്തുക.240 പേർ 60 ടീമുകളായാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുക.675 ടീമുകൾ പ്രോബ്ലം സ്റ്റെറ്റ്മെന്റുകൾ തിരഞ്ഞെടുത്ത് ആദ്യ ഘട്ടത്തിൽ മത്സരിച്ചു. വിദഗ്ദ സമിതി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 60 ടീമുകളാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്.ഹാക്കത്തോണിൽ പങ്കെടുക്കുന്ന മുഴുവൻ പേരും കോവിഡ് നിർണയ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
36 മണിക്കൂർ നീണ്ട പ്രശ്നപരിഹാര മത്സരമായ വൈഗ അഗ്രി ഹാക്ക് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇടവേളകൾ നൽകികൊണ്ടാണ് നടത്തിയിട്ടുള്ളത്. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ വിഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.രണ്ട് മുതൽ അഞ്ചു പേർ വരെ അടങ്ങുന്നതാണ് ഒരു ടീം.
മത്സരാർത്ഥികൾ അവർ നിർദ്ദേശിച്ച പ്രശ്നപരിഹാരം പ്രായോഗിക തലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യും. വ്യത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ മികച്ച പത്ത് ടീമുകളെ വീതം പവർ ജഡ്ജ്മെൻറ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തും. ഈ റൗണ്ടിലെ വിജയികളാണ് ഹാക്കത്തോൺ വിജയികൾ. പ്രായോഗികത, സാമൂഹികപ്രസക്തി, സുതാര്യത, സാങ്കേതികമികവ്, ചെലവ് തുടങ്ങിയവ കണക്കിലെടുത്ത് വിദഗ്ധ ജൂറി വിജയികളെ തിരഞ്ഞെടുക്കും. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകും.
വൈഗയുടെ അവസാനദിനമായ ഫെബ്രുവരി 14ന് സമ്മാനദാനം നിർവഹിക്കും. തെരഞ്ഞെടുക്കുന്ന നൂതനമായ ആശയങ്ങൾ അടങ്ങിയ പരിഹാരമാർഗ്ഗങ്ങൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുകയും ചെയ്യും.പങ്കെടുക്കുന്നവർക്ക് കാംകോ സ്പോൺസർ ചെയ്ത ടീ ഷർട്ടുകളും, രെജിസ്ട്രേഷൻ കിറ്റും ആർച്ച് ബിഷപ്പ് വിതരണം ചെയ്തു. ആർച്ച് ബിഷപ്പിനുള്ള വൈഗ മെമെന്റോ മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ മാർ ടോണി നീലങ്കാവിൽ, പ്രിൻസിപ്പൽ ഡോ ജോയ് കെ എൻ, കൃഷി ഡയറക്ടർ ഡോ കെ വാസുകി, വൈഗ അഗ്രി ഹാക്ക് ഓർഗനൈസിംഗ് സെക്രട്ടറി ഡോ അബ്ദുൽ ജബ്ബാർ അഹമദ്, കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.