തിരുവനന്തപുരം: വര്‍ക്കല നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമേകാന്‍, വര്‍ക്കല ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാകും. ബൈപാസിനായി ഭൂമി അളന്നു തിരിക്കുന്നതിന്റെ കല്ലിടല്‍ കര്‍മം വി. ജോയി എം. എല്‍. എ നിര്‍വഹിച്ചു. ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ക്കല നിവാസികളുടെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യമാകുമെന്ന് എം.എല്‍.എ പറഞ്ഞു.
പുതിയ അലൈന്‍മെന്റ് പ്രകാരം അഞ്ചര ഏക്കര്‍ ഭൂമിയാണ് ബൈപ്പാസിനായി നിശ്ചയിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ സ്‌കെച്ചിന് മുന്‍സിപ്പാലിറ്റിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ബൈപ്പാസിന്റെ പ്രാഥമിക ചെലവുകള്‍ക്കായി അഞ്ചരക്കോടി രൂപ ഉടന്‍ ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വര്‍ക്കലയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വേകുന്ന ബൈപാസ്, ശിവഗിരി മട്ടിന്‍മൂട് ജംഗ്ഷന് സമീപത്തു നിന്ന് ആരംഭിച്ച് കണ്ണമ്പ റോഡിലെ സ്റ്റാര്‍ തീയറ്ററിന് സമീപം അവസാനിക്കുന്ന രീതിയിലാണ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. റെയില്‍വേ ഗേറ്റുകള്‍ അടക്കുന്നതു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാക്ലേശത്തിന് പരിഹാരം കൂടിയാകും ബൈപാസ്.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ തഹസീല്‍ദാറെ നിയമിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. വിവിധ ബ്ലോക്കുകളിലായി 85 സര്‍വ്വേ നമ്പറുകളിലെ ഭൂമിയിയാണ് ബൈപാസ്സിനു വേണ്ടി ഏറ്റെടുത്തിട്ടുളളത്. ചടങ്ങില്‍ വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി, ജനപ്രതിനിധികള്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എം. പി പ്രേംലാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ത്, പ്രദേശ വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.