തൃശ്ശൂർ: വേലൂർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. സർക്കാരിൻ്റെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കാലതാമസം വരരുതെന്ന് ശിലാസ്ഥാപനം നടത്തി മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഭാഗത്തു നിന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഒട്ടേറെ ജനകീയ പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിനു ബാധ്യതയുണ്ടെന്നും സമയ ബന്ധിതമായി ഒരു കാര്യം ചെയ്തു തീർക്കുമ്പോഴാണ് അത് ജനകീയമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വേലൂർ കാരേങ്ങൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, വേലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമല ജോൺസൺ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സ്വപ്ന റഷീദ്, സി എഫ് ജോയ്, ഷേർളി ദിലീപ് കുമാർ, നിധീഷ് ചന്ദ്രൻ വട്ടംപറമ്പിൽ, എ ഇ ജോജി പോൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് 95 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പഞ്ചായത്തോഫീസ് കെട്ടിടം നിർമിക്കുന്നത്. ഒരു വർഷത്തിനകം കെട്ടിടം പണി പൂർത്തീകരിക്കും.