നാലര വർഷം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമറ്റിയെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു. വ്യവസായ മേഖലയിലടക്കം കൂടുതൽ അവസരങ്ങൾ സൃഷ്്ടിച്ച് തൊഴിൽരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി വ്യവസായ വകുപ്പ് 28,946 പേർക്ക് തൊഴിൽ ലഭ്യമാക്കി. രണ്ടാം ഘട്ടത്തിൽ ഇതുവരെ 17,580 പേർക്കും തൊഴിൽ നൽകിയതായും മന്ത്രി അറിയിച്ചു. നിക്ഷേപ അനുകൂല അന്തരീക്ഷം ഒരുക്കാനും നിക്ഷേപകരെ ആകർഷിക്കാനും ആവശ്യമായ പരിഷ്‌കാരങ്ങൾ സർക്കാർ സമയബന്ധിതമായി നടപ്പാക്കി. നിക്ഷേപത്തിനുള്ള ലൈസൻസുകളും അനുമതി ലഭിക്കാനുള്ള നടപടികളിൽ ഭൂരിപക്ഷവും ഓൺലൈൻ വഴിയാക്കിയതായും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപ നടപടികൾ ലളിതമാക്കാൻ ഏഴ് നിയമങ്ങളും 40 ചട്ടങ്ങളും ഭേദഗതി ചെയ്തു. നോക്കുകൂലി നിയമം വഴി നിരോധിച്ചു. നിക്ഷേപകർക്ക് അനുമതി ലഭ്യമാക്കാൻ കെ സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനം കൊണ്ടുവന്നു. എം.എസ്.എം.ഇ നിക്ഷേപത്തിന് മുൻകൂർ അനുമതി വേണ്ടെന്ന നിയമം കൊണ്ടു വന്നതിലൂടെ ഇതുവരെ 8660 പേർക്ക് അനുമതി ലഭ്യമായി. വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് നിക്ഷേപം സുഗമാക്കൽ ബ്യൂറോ നിലവിൽ വന്നു. വ്യവസായ ലൈസൻസ് കാലാവധി അഞ്ച് വർഷമായി വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
സംരഭക സഹായ പദ്ധതി ആനുകൂല്യം 25 ശതമാനമായി ഉയർത്തി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സംരഭകർക്കും ഈ ആനുകൂല്യം ലഭ്യമാക്കി.

പദ്ധതിയിലൂടെ 5027 യൂണിറ്റുകൾക്കായി 238 കോടി രൂപയാണ് അനുവദിച്ചത്. നാലര വർഷത്തിനിടയിൽ സംസ്ഥാനത്ത് 64,879 എം.എസ്.എം. ഇ യൂണിറ്റുകൾ തുടങ്ങി. ഇതിലൂടെ 6082 കോടി നിക്ഷേപവും 2.29 ലക്ഷം തൊഴിലും സൃഷ്ടിച്ചു. മേഖലയിലെ വിവിധ പദ്ധതികൾക്കായി 755.27 കോടി രൂപയാണ് അനുവദിച്ചത്. കോവിഡ് പ്രതിസന്ധിയിലാക്കിയ എം.എസ്.എം.ഇ കൾക്ക് 3434 കോടിയുടെ ഭദ്രതാ പക്കേജും പ്രഖ്യാപിച്ചു. വാണിജ്യ മേഖലയുടെ പുരോഗതിക്കായി വാണിജ്യമിഷൻ രൂപീകരിച്ചെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളിൽ നവീകരണവും വൈവിധ്യവത്കരണവും നടപ്പാക്കി.  കേരള ഓട്ടോ മൊബൈൽ നിർമിച്ച ഇ ഓട്ടോ നേപ്പാളിലേക്ക് കയറ്റി അയച്ചു. ചരിത്രത്തിൽ ആദ്യമായി കെ.എസ്.ഡി.പി 100 കോടിയിലേറെ രൂപയുടെ വിറ്റ് വരവ് നേടി. എട്ട് കോടിയോളം ലാഭവും കൈവരിച്ചു. കാൻസർ മരുന്ന് നിർമ്മാണം ഉടൻ തുടങ്ങും. മലബാർ സിമന്റ്സും ആറ് കോടിയുടെ പ്രവർത്തന ലാഭം കൈവരിച്ചു.

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽസ് 60 കോടിയോളം രൂപയുടെ ലാഭം നേടി. കെ.എം.എം.എല്ലിൽ  ഒക്സിജൻ പ്ലാന്റ് തുടങ്ങിയതും ഇന്ധനം എൽ.എൻ.ജിയിലേക്ക് മാറ്റാനായതും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. സ്പിന്നിംഗ് മില്ലുകളുടെ കാര്യത്തിലും സർക്കാർ പ്രത്യേക പരിഗണന നൽകി. എട്ട് സ്പിന്നിംഗ് മില്ലുകൾ ലാഭത്തിലാക്കി. 1200 പേർക്ക് പുതുതായി തൊഴിൽ നൽകി. വിദേശത്തേക്ക് 13 കോടി രൂപയുടെ നൂൽ കയറ്റി അയച്ചു. കൈത്തറി മേഖല യൂണിഫോം പദ്ധതിയിൽ 126 ലക്ഷം മീറ്റർ തുണി ഉത്പാദിപ്പിച്ചു.  5900 ഓളം പേർക്ക് നേരിട്ട് തൊഴിൽ ലഭിച്ചു. ഖാദി മേഖലയിൽ  3384 തൊഴിലവസരം ലഭ്യമാക്കി. എല്ലാ ഖാദിതൊഴിലാളികളെയും ഇ.എസ്.ഐ  പരിധിയിൽ കൊണ്ടുവരാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1878 ഏക്കർ പാലക്കാടും 500 ഏക്കർ എറണാകുളത്തും ഏറ്റെടുക്കാൻ നടപടി തുടങ്ങി. കിൻഫ്രക്കാണ് നിർവഹണ ചുമതല.  പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി തുടങ്ങാനുള്ള നടപടി ആരംഭിച്ചു. കണ്ണമ്പ്രയിൽ  സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി 346 കോടി രൂപ അനുവദിച്ചു. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സിയുടെയും മേൽനോട്ടത്തിൽ  14 വ്യവസായ പാർക്കുകൾ ഒരുങ്ങുകയാണ്. പാലക്കാട് മെഗാ ഫുഡ് പാർക്കും ലൈറ്റ് എൻജിനിയറിങ് പാർക്ക് രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ, പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ ഡയറക്ടർ എം.ജി രാജമാണിക്യം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.