കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചര്‍ച്ച നടത്തി.  വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍  പരാതിയായി നല്‍കിയാല്‍ പരിശോധിക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.  1858 മുഖ്യ ബൂത്തുകളും 1279 ഓക്‌സിലറി ബൂത്തുകളുമുള്‍പ്പെടെ 3137 ബൂത്തുകളാണ് ഇത്തവണ ജില്ലയിലുണ്ടാവുക.  ഇതില്‍ നാല് ഓക്‌സിലറി ബൂത്തുകള്‍ നിലവിലുള്ള ബൂത്തുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളില്‍ മാറ്റി ഒരുക്കും.

തളിപ്പറമ്പ്, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍  ഓരോന്നു വീതവും പേരാവൂരില്‍ രണ്ടും ബൂത്തുകളാണ്  മാറുക.  പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്താണീ തീരുമാനമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രശ്‌നബാധിത ബൂത്തുകള്‍, പ്രദേശം എന്നീ തരത്തില്‍ മുന്‍കൂട്ടി അപേക്ഷ നല്‍കിയാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൈകൊള്ളാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അരക്കന്‍ ബാലന്‍ (സി പി ഐ എം), കെ സി മുഹമ്മദ് ഫൈസല്‍ (ഐ എന്‍ സി), അബ്ദുള്‍ കരീം ചേലേരി (ഐ യു എം എല്‍), എം ഗംഗാധരന്‍ (സി പി ഐ), സി വി ഗോപിനാഥ് ( സി എം പി), ബാബുരാജ് ഉച്ചിങ്ങല്‍ (ജനതാദള്‍ എസ്), ബിജു എളക്കുഴി (ബി ജെ പി), കെ കെ ജയപ്രകാശ് (കോണ്‍ഗ്രസ് എസ്), കെ എം രാജീവ് (എന്‍ സി പി), രത്‌നകുമാര്‍ വൈദ്യര്‍ (ആര്‍ എസ് പി) എന്നിവര്‍ പങ്കെടുത്തു.