കൊല്ലം: ഇ എസ് ഐ കോര്‍പറേഷന്‍ നല്‍കി വരുന്ന സേവനങ്ങള്‍ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് ചടങ്ങും കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാക്ടറി നമ്പര്‍ ഒന്നില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇ എസ് ഐ ഗുണഭോക്താക്കളായ കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി ചികിത്സയും പരിചരണവും ലഭ്യമാക്കുന്ന ഏറെ അഭിമാനകരമായ പദ്ധതിയാണിത്. തൊഴിലാളികളുടെ താത്പര്യം ഹനിക്കുന്ന ഏത് നടപടിയും ചെറുത്ത് അവരുടെ സംരക്ഷകരായി സര്‍ക്കാര്‍ ഒപ്പമുണ്ടാകും. പരമ്പരാഗത മേഖലയിലുള്‍പ്പടെ എല്ലാ വിഭാഗം തൊഴിലാളികളുടെയും അവകാശങ്ങളും അനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും ഒരുക്കാനായി, മന്ത്രി പറഞ്ഞു.
കൂടുതല്‍ തൊഴില്‍ മേഖലകളില്‍ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നല്‍കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ഒട്ടേറെ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ഇക്കാലയളവില്‍ നടപ്പിലാക്കിയെന്നും കിടപ്പ് രോഗികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ രാജ്യത്തിനാകെ മാതൃകയാവുന്ന ആദ്യത്തെ സംരംഭമാണ് മൊബൈല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.