എറണാകുളം: നെട്ടൂർ സ്വദേശിയായ മിഥിലാജിന് ഇത് സന്തോഷ നിമിഷം. ഓട്ടിസം ബാധിച്ച മിഥിലാജ് ഏറെ നാളായി ആഗ്രഹിച്ചതാണ് ഒരു ടാബ് സ്വന്തമാക്കണമെന്ന്‌. എന്നാൽ കൂലിപ്പണിക്കാരനായ പിതാവിന് ഇത് കഴിയുമായിരുന്നില്ല. തുടർന്നാണ് സാന്ത്വന സ്പർശം അദാലത്തിൽ അപേക്ഷ നൽകിയത്.

രാവിലെ നൽകിയ അപേക്ഷ പരിഗണിച്ച മന്ത്രിതല സംഘം സ്പോൺസർഷിപ്പിലൂടെ ടാബ് കണ്ടെത്തി കൊടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദേശം ലഭിച്ച് മണിക്കൂറുകൾക്കകം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടറുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫുകളുടെയും സഹകരണത്തോടെ സ്പോൺസറെ കണ്ടെത്തുകയായിരുന്നു. പനങ്ങാട് ഗോപിനാഥൻ മെമ്മോറിയൽ ഹൈസ്കൂളിലെ രാഷ്ട്ര ധർമ്മ പരിഷത്ത് ട്രസ്റ്റാണ് ടാബ് നൽകിയത്.

നെട്ടൂർ ആദർശ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയായ മിഥിലാജ് ഏറെ സന്തോഷത്തോടെയാണ് അദാലത്ത് വേദി വിട്ടിറങ്ങിയത്. തൻ്റെ മകൻ്റെ ആഗ്രഹം സാധ്യമാക്കി നൽകാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ മിഥിലാജിൻ്റെ അമ്മയും.