കൊല്ലം: വികസന പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നതെന്നും, അവ നടപ്പിലാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊല്ലം ബീച്ചിനു സമീപം വിനോദ സഞ്ചാരികള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്ന ശൗചാലയ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 187 കോടി ചെലവിട്ട് 27 ടുറിസം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനകം നൂറു പദ്ധതികള്‍ തുടങ്ങി. കോവിഡും പ്രളയവും തീര്‍ത്ത പ്രയാസങ്ങള്‍ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രസംഗിക്കുമ്പോള്‍ പറയാന്‍ വേണ്ടി ഓരോ ദിവസവും ഉദ്ഘാടനം നടക്കുന്ന പട്ടിക എഴുതി വച്ചിരുന്നതായി അധ്യക്ഷത വഹിച്ച എം മുകേഷ് എം എല്‍ എ പറഞ്ഞു. എന്നാല്‍ അത് നിര്‍ത്തി വച്ചു. കാരണം അത്രമേല്‍ പദ്ധതികളാണ് സര്‍ക്കാര്‍ ഉദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും മറ്റും നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് കാവനാട്, കൊല്ലം ബീച്ച്, കന്റോണ്‍മെന്റ് എന്നിവിടങ്ങളില്‍ നടപ്പാക്കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു