എറണാകുളം: വീട് വയ്ക്കാനായി വാങ്ങിയ സ്ഥലം ഡേറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ആ സ്ഥലത്ത് ഒന്നും ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ് കരുമാലൂർ സ്വദേശി വിജേഷും കുടുംബവും. സാന്ത്വന സ്പർശം അദാലത്തിൽ ഇവരുടെ പരാതി പരിഗണിച്ച മന്ത്രി വി.എസ്. സുനിൽ കുമാർ ഇവരെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

സ്ഥലം വാങ്ങാനായി സർക്കാരിൽ നിന്ന് അനുവദിച്ച 1,50,000 രൂപ ഉപയോഗപ്പെടുത്തിയാണ് വിജേഷ് സ്ഥലം വാങ്ങിയത്. നാലര സെൻ്റ് സ്ഥലമാണ് വാങ്ങിയത്. എന്നാൽ ഈ സ്ഥലം ഡേറ്റാ ബാങ്കിൽ നിലമായി രേഖപ്പെടുത്തിയതാണെന്ന കാര്യം ഇടനിലക്കാരൻ മറച്ചുവെക്കുകയായിരുന്നുവെന്ന് പരാതി സമർപ്പിക്കാനെത്തിയ വിജേഷിൻ്റെ ഭാര്യ സബീന പറഞ്ഞു. 12 വർഷമായി വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ശ്വാസം മുട്ടലും മറ്റു രോഗങ്ങളും സബീനയ്ക്കുണ്ട്. കൽപ്പണിക്കാരനായ വിജേഷിൻ്റെ തുച്ഛ വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്.

സ്ഥലം നിലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് വിൽക്കാനും കഴിയുന്നില്ല. പരാതി അടിയന്തിരമായി പരിഗണിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.