തൃശ്ശൂർ: കുന്നംകുളം നഗരസഭ ഇ.കെ. നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെർബർട്ട് റോഡിൻ്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ ഗതാഗതം പുന:സ്ഥാപിച്ചു. ഉദ്ഘാടനം ഉടൻ നടത്തും. ഹെർബർട്ട് റോഡ് ആധുനികവൽക്കരിക്കുന്നതിനും ഇതിലൂടെയുള്ള ബസ് ഗതാഗതം സുഗമമാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ്റെ 2019 -2020 ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 99 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചത്.റോഡിൽ സീബ്രാലൈനുകൾ, സിഗ്നലുകൾ, റിഫ്ളക്ടറുകൾ തുടങ്ങിയവ ഉടൻ സ്ഥാപിക്കും. തുടർന്ന് റോഡിൻ്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

റോഡിൻ്റെ നിർമാണോദ്ഘാടനം 2020 സെപ്റ്റംബർ 22 നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചത്. ആറു മാസത്തിനകം തന്നെ റോഡ് നിർമാണം പൂർത്തിയാക്കി സമർപ്പിക്കുമെന്ന് മന്ത്രി അന്നു വ്യക്തമാക്കിയിരുന്നു. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ റോഡ് നിർമിച്ച് ഗതാഗതം കൂടുതൽ വിപുലപ്പെടുത്താനും മന്ത്രി കരാറുകാരോട് നിർദ്ദേശിച്ചിരുന്നു. നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങൾ റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

ഗുരുവായൂർ റോഡിൽ നിന്ന് താഴേക്ക് നിർദ്ദിഷ്ട ബസ് സ്റ്റാൻഡ്, ടൗൺ ഹാൾ എന്നിവയുടെ മുൻപിലൂടെയാണ് ആധുനിക രീതിയിൽ നിർമിച്ച റോഡ് കടന്നു പോകുന്നത്. ഇതിലൂടെ പ്രതിദിനം ആയിരത്തോളം വാഹനങ്ങളാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ റോഡുപണി വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.