ആലപ്പുഴ: കോവിഡ് കാലത്ത് മറ്റു രോഗികള്‍ക്കും കൃത്യമായ ചികിത്സ കുറ്റമറ്റതായ രീതിയില്‍ ലഭ്യമാക്കിയ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനമാണു കാഴ്ചവെക്കുന്നതെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഒട്ടേറെ പരിമിതികളുള്ള സമയത്തിലൂടെയാണ് കടന്നു പോയതെങ്കിലും ഈ പ്രതിബന്ധങ്ങള്‍ എല്ലാം മറികടക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആര്‍. രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.78 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച തീവ്രപരിചരണ വിഭാഗം, 70 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച കുട്ടികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഡോര്‍മെട്രിയും കാന്റീനും ജില്ലാ പഞ്ചായത്ത്-നഗരസഭ-നാഷനല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ ഫണ്ടില്‍ നിന്നും 84 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച പ്രസവമുറി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ശിലാഫലകം അനാശ്ചാദനം ആര്‍.രാജേഷ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.വി. ശ്രീകുമാര്‍, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജി.ആതിര, നികേഷ് തമ്പി, മഞ്ജുള ദേവി, നഗരസഭ കൗണ്‍സിലര്‍ ബിനു വര്‍ഗീസ്, സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.