മലപ്പുറം: ഫയര്‍ ഫോഴ്സിനൊപ്പം ദുരന്തമുഖങ്ങളിലെത്തുന്ന സിവില്‍ ഡിഫന്‍സിന്റെ സേവനം നാടിന് വലിയ തോതില്‍ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിംഗ് ഒട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മഞ്ചേരി ഫയര്‍ ഫോഴ്സ് സ്റ്റേഷനു മുന്നില്‍ നടന്ന ജില്ലാതല പാസിംഗ് ഔട്ട് പരേഡില്‍ 150 സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍ പങ്കെടുത്തു. ഇതില്‍ 18 പേര്‍ വനിതകളാണ്. എം.എച്ച് മുഹമ്മദാലിയാണ് സിവില്‍ ഡിഫന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍. 350 സന്നദ്ധ സംഘാംഗങ്ങളാണ് ജില്ലയില്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കിയത്. സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയാണ് അഗ്നി രക്ഷാസേന സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സംവിധാനത്തിന് രൂപം നല്‍കിയത്. ഇവര്‍ക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി ദുരന്ത നിവാരണത്തില്‍ പങ്കാളികളാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എം. ഉമ്മര്‍ എം.എല്‍.എ, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സന്‍ വി.എം സുബൈദ, വൈസ് ചെയര്‍ പേഴ്സന്‍, അഡ്വ.ബീന ജോസഫ്, സബ് കലക്ടര്‍ കെ.എസ് അഞ്ജു, ഡി.വൈ.എസ്.പി കെ.എം ദേവസ്യ, ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ എല്‍. സുഗുണന്‍, സി.ബാബുരാജ്, എം. അബ്ദുല്‍ ഗഫൂര്‍, എം.കെ പ്രമോദ് കുമാര്‍, പി.കെ ബഷീര്‍, പി. പ്രദീപ്, ടി. അബ്ദുല്‍ സലാം, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.