പുതിയതായി അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ 3.19 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുളള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷകാലയളവിലും എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് പ്രതിനിധികള്‍ അടക്കം എല്ലാ ജനപ്രതിനിധികളും വലിയ പിന്തുണയാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്നും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലും കേരളത്തിന്റെ ആരോഗ്യ സ്വഭാവത്തില്‍ തന്നെയും ഈ മാറ്റം പ്രതിഫലിക്കണമെന്നും മന്ത്രി പറഞ്ഞു. 941 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 600 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ നടക്കുകയാണ്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനായി 1444 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ന് കേരളത്തില്‍ 50 ശതമാനം പേര്‍ ആരോഗ്യാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്.
ഇടത്തരക്കാരും പൊതു ആരോഗ്യ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങിയത് നല്ല പ്രവണതയാണ്. ക്രോണിക് ഒപ്റ്റിക് പള്‍മനറി ഡിസീസസിനായി ആരംഭിച്ച ‘ശ്വാസ് ക്ലിനിക്’, മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കായി ആരംഭിച്ച ‘ആശ്വാസ് ക്ലിനിക്’ എന്നിവ കോവിഡ് കാലത്ത് വളരെയേറെ ഗുണം ചെയ്തു. ഭാവിയില്‍ എല്ലാ രോഗങ്ങളും ഉറവിടത്തില്‍ തന്നെ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി കേരളത്തിലെ ആരോഗ്യ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.
യു പ്രതിഭ എം എല്‍ എ അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എം.പി മുഖ്യാതിഥിയായി. പുതിയ കെട്ടിട സമുച്ചയത്തില്‍ ലേബര്‍ റൂം, മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍, കുട്ടികളുടെ ഐ സി യു, പ്രസവ വാര്‍ഡ്, സ്റ്റാഫ് റൂം, കാത്തിരിപ്പ് കേന്ദ്രം എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. എം എല്‍ എ യുടെ മണ്ഡല ആസ്തിവികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലെവല്‍ ഡി അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് യു പ്രതിഭ എം എല്‍ എ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പെഴ്‌സണ്‍ പി ശശികല, വൈസ് ചെയര്‍മാന്‍ ജെ ആദര്‍ശ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഫര്‍സാന ഹബീബ്, വാര്‍ഡ് കൗണ്‍സിലര്‍ കെ പുഷ്പ ദാസ്, കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ. മനോജ് എന്നിവര്‍ പങ്കെടുത്തു.